കൊവിഡ് വാക്‌സിൻ്റെ ഉൽപ്പാദനവും വിതരണവും അസ്ട്രാസെനെക്ക പൂർണമായും നിർത്തി

 
Covid
Covid

ന്യൂഡൽഹി: കോവിഷീൽഡ് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന വെളിപ്പെടുത്തലിനെ തുടർന്ന് യുകെ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്ക തങ്ങളുടെ കോവിഡ് വാക്സിൻ പിൻവലിച്ചു. ആഗോളതലത്തിൽ മരുന്ന് പിൻവലിക്കാനാണ് നീക്കം.

കൊവിഡ് വാക്‌സിൻ ഉൽപ്പാദനവും വിതരണവും പൂർണമായും നിർത്തിവെക്കുകയാണെന്ന് കമ്പനി അറിയിച്ചു. വിപണിയിൽ സൂക്ഷിച്ചിരിക്കുന്ന വാക്സിനും പിൻവലിക്കും. മറ്റ് നിരവധി കോവിഡ് വാക്സിനുകൾ വിപണിയിലുണ്ടെന്നും വിൽപ്പനയിലെ ഇടിവാണ് തീരുമാനത്തിന് പിന്നിലെന്നും കമ്പനി വ്യക്തമാക്കി.

കോവിഷീൽഡ് വികസിപ്പിച്ചത് ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്നാണ്. പൂനെ സെറം ഇൻസ്റ്റിറ്റിയൂട്ടിന് ആസ്ട്രസെനെക്കയുടെ വാക്സിൻ രാജ്യത്ത് നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ലൈസൻസ് ഉണ്ടായിരുന്നു. ഇന്ത്യയിൽ 175 കോടി ഡോസ് കോവിഷീൽഡ് വാക്സിൻ ഉപയോഗിച്ചു.

യൂറോപ്യൻ യൂണിയനിലെ മാർക്കറ്റിംഗ് അംഗീകാരം കമ്പനി സ്വമേധയാ പിൻവലിച്ചു. വാക്സിൻ ഇനി ഉൽപ്പാദിപ്പിച്ചിട്ടില്ലെന്നും ഇനി ഉപയോഗിക്കാനാകില്ലെന്നും കമ്പനി വ്യക്തമാക്കി. നിലവിൽ വാക്സിൻ ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങളിലും സമാനമായ തിരിച്ചുവിളികൾ നടത്തുമെന്ന് ആസ്ട്രസെനെക്ക പറഞ്ഞു.

മരുന്ന് പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന വെളിപ്പെടുത്തലുകളെ തുടർന്ന് കമ്പനി യുകെയിൽ 100 മില്യൺ പൗണ്ടിൻ്റെ കേസ് നേരിടുകയാണ്. എന്നാൽ വാക്സിൻ പിൻവലിക്കാനുള്ള കാരണം ഇതല്ലെന്ന് കമ്പനി അറിയിച്ചു.

കോവിഷീൽഡ് വാക്സിൻ പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും കാരണമാകുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനി യുകെ ഹൈക്കോടതിയിൽ വ്യക്തമാക്കി. രക്തം കട്ടപിടിക്കുകയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന ടിടിഎസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം) എന്ന രോഗാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. ഇതാദ്യമായാണ് കോവിഷീൽഡിന് പാർശ്വഫലങ്ങളുണ്ടെന്ന് കമ്പനി സമ്മതിക്കുന്നത്.