മഹാകുംഭമേളയ്ക്ക് പോയ 10 തീർത്ഥാടകർ ദാരുണമായ റോഡപകടത്തിൽ മരിച്ചു; 19 പേർക്ക് പരിക്ക്

ലഖ്‌നൗ: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന പത്ത് തീർത്ഥാടകർക്ക് ജീവൻ നഷ്ടപ്പെട്ടു. പ്രയാഗ്‌രാജ്-മിർസാപൂർ ഹൈവേയിൽ ഇന്നലെ രാത്രി ഒരു കാറും ബസും കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തിൽപ്പെട്ടവർ ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ നിന്നുള്ളവരാണ്. തീർത്ഥാടകരുമായി പോയ ബൊലേറോ കാർ മധ്യപ്രദേശിലെ രാജ്ഗഡിൽ നിന്ന് വരികയായിരുന്ന ബസുമായി കൂട്ടിയിടിച്ചു. അപകടത്തിന് ശേഷം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സ്വരൂപ് റാണി ആശുപത്രിയിലേക്ക് മാറ്റിയതായി യമുന നഗർ ഡെപ്യൂട്ടി കമ്മീഷണർ വിവേക് ചന്ദ്ര യാദവ് പറഞ്ഞു.
കഴിഞ്ഞ ദിവസം മഹാകുംഭമേളയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള ഏഴ് തീർത്ഥാടകർ അപകടത്തിൽ മരിച്ചു. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ് അപകടം. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ചു.