താർ എസ്‌യുവി ഉപയോഗിച്ച് എടിഎം വലിച്ചുപൊളിച്ച് കവർച്ച; ഒഡീഷയിൽ സിനിമയെ വെല്ലുന്ന മോഷണം

 
National

ഒഡീഷയിലെ ബാലസോർ ജില്ലയിൽ മഹീന്ദ്ര താർ എസ്‌യുവിയിൽ കയർ കെട്ടി എടിഎം മെഷീൻ വലിച്ചുപൊളിച്ച് പണവുമായി കടന്ന കവർച്ചാസംഘത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ശനിയാഴ്ച പുലർച്ചെ ഖൈറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 

അഞ്ചിലധികം പേരടങ്ങുന്ന സംഘം രാത്രി രണ്ടുമണിയോടെ കറുത്ത താറിൽ എത്തി ആദ്യം എടിഎം കിയോസ്‌ക് തകർത്തു. തുടർന്ന് കയർ ഉപയോഗിച്ച് എടിഎം വാഹനത്തിൽ ബന്ധിപ്പിച്ച് റോഡിലൂടെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോയി. അവിടെ മെഷീൻ പൊളിച്ച് പണം കവർന്നശേഷം തകർന്ന എടിഎം ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. കവർന്ന തുക എത്രയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 

വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തകർന്ന എടിഎം കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനവും പ്രതികളെയും തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്ത് മോഷണസംഭവങ്ങൾ വർധിച്ച സാഹചര്യത്തിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.