മുംബൈയിൽ ഓട്ടോ–ടാക്സി നിരക്ക് വർധിച്ചു; ഇന്നുമുതൽ പുതിയ നിരക്ക്
മുംബൈയിലും മുംബൈ മെട്രോപൊളിറ്റൻ മേഖലയിലും ഓട്ടോറിക്ഷ, കറുപ്പ്–മഞ്ഞ ടാക്സി നിരക്കുകൾ സെപ്റ്റംബർ 1 മുതൽ വർധിച്ചു. 18 മാസത്തിന് ശേഷമാണ് നിരക്ക് പരിഷ്കരണം.
പുതിയ നിരക്കനുസരിച്ച് ഓട്ടോറിക്ഷയുടെ ആദ്യ 1.5 കിലോമീറ്ററിനുള്ള മിനിമം ചാർജ് ₹26ൽ നിന്ന് ₹27 ആയി. തുടർന്ന് കിലോമീറ്ററിന് ₹18.22 വീതം ഈടാക്കും. കറുപ്പ്–മഞ്ഞ ടാക്സിയുടെ മിനിമം നിരക്ക് ₹31ൽ നിന്ന് ₹33 ആയി ഉയർന്നു. തുടർന്ന് കിലോമീറ്ററിന് ₹21.90 ആണ് നിരക്ക്.
അതായത് 10 കിലോമീറ്റർ യാത്രയ്ക്ക് ഓട്ടോറിക്ഷയിൽ ഏകദേശം ₹182 നൽകേണ്ടിവരും; നേരത്തേ ഇത് ₹171 ആയിരുന്നു. സമാന ദൂരത്തിൽ ടാക്സി നിരക്ക് ₹207ൽ നിന്ന് ₹219 ആയി ഉയരും.
മുംബൈ, താനെ, നവി മുംബൈ, കല്യാൺ, മീരാ-ഭയന്ദർ ഉൾപ്പെടെയുള്ള മുംബൈ മെട്രോപൊളിറ്റൻ മേഖലയിലാണ് പുതിയ നിരക്കുകൾ ബാധകമാകുന്നത്. ഇലക്ട്രോണിക് മീറ്ററുകൾ പുതിയ നിരക്കിലേക്ക് പുനഃക്രമീകരിക്കാൻ ഡ്രൈവർമാർക്ക് നവംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതുവരെ ആർടിഒ അംഗീകരിച്ച നിരക്ക് പട്ടിക പ്രകാരം യാത്രക്കാരിൽ നിന്ന് നിരക്ക് ഈടാക്കാം.
അർധരാത്രി മുതൽ പുലർച്ചെ അഞ്ച് മണിവരെയുള്ള യാത്രകൾക്ക് 25 ശതമാനം അധിക നിരക്കും ബാധകമാണ്.