ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ; നാല് പേർ മരിച്ചു, 50 പേരെ രക്ഷപ്പെടുത്തി

 
UH

ഡെറാഡൂൺ: ഇന്തോ-ടിബറ്റ് അതിർത്തിക്കടുത്തുള്ള മനയിൽ ഉണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ നാല് തൊഴിലാളികൾ ഇന്നലെ രാവിലെ മരിച്ചു. ചികിത്സയിലിരിക്കെ ഒരാൾ മരിച്ചു. കുടുങ്ങിയ 50 തൊഴിലാളികളെ 48 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി. ഏഴ് പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. രക്ഷപ്പെട്ടവർ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു.

പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ബിഹാർ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഹിമപാതത്തിൽ കുടുങ്ങിയിട്ടുണ്ട്. പത്ത് തൊഴിലാളികളുടെ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. മനയ്ക്കും ബദരീനാഥിനും ഇടയിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ ലേബർ ക്യാമ്പിലാണ് ഇന്നലെ ഹിമപാതം ഉണ്ടായത്.

ആ സമയത്ത് എട്ട് കണ്ടെയ്‌നറുകളിലും ഒരു ഷെഡിലുമായി 57 തൊഴിലാളികൾ ഉണ്ടായിരുന്നു. വിദഗ്ദ്ധ പരിശീലനം ലഭിച്ച കരസേനയുടെ ഐബിഇഎക്സ് ബ്രിഗേഡിന്റെ 100 പേരടങ്ങുന്ന സംഘം പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ദുരന്തമേഖലയിൽ ഡോക്ടർമാരെയും ആംബുലൻസുകളെയും വിന്യസിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ 11.50 ഓടെ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന അഞ്ച് കണ്ടെയ്‌നറുകൾ കണ്ടെത്തി, 15 പേരെ രക്ഷപ്പെടുത്തി. വൈകുന്നേരം 5 മണിയോടെ 17 പേരെ കൂടി കണ്ടെത്തി. റോഡിലെ മഞ്ഞ് നീക്കം ചെയ്യുന്നതിനായി ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്‌സ് സ്ഥലത്തുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസും ഉത്തരാഖണ്ഡ് പോലീസും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നു.

മേഖലയിലെ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നു. മഴയും മഞ്ഞും നിറഞ്ഞ റോഡുകളും ആശയവിനിമയ സംവിധാനങ്ങളും രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയിട്ടുണ്ട്.