അയോധ്യ പ്രാണ പ്രതിഷ്ഠ; സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത, മൂന്ന് പേർ അറസ്റ്റിൽ; രാമവിഗ്രഹത്തിന്റെ ചിത്രം പുറത്ത്

 
Ayodhya

ന്യൂഡൽഹി: അയോധ്യ പ്രാണപ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം. അക്രമത്തിന് സാധ്യതയുണ്ടെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയത്. അയോധ്യയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്ന് പേരെ യുപി എടിഎസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതിനിടെ അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചിത്രം പുറത്തുവന്നു. വിഗ്രഹം കണ്ണുകൾ മൂടിയ ചിത്രമാണ് പുറത്ത് വന്നത്. ക്ഷേത്രത്തിലെ ഗർഭഗൃഹത്തിലാണ് വിഗ്രഹം സ്ഥാപിച്ചത്. മൈസൂരിലെ അരുൺ യോഗിരാജാണ് ശിൽപി. പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് സംഘപരിവാർ സംഘടനകൾ വീടുകളിൽ ജയ് ശ്രീറാം പതാകകൾ വിതരണം ചെയ്യുന്നു. കൂടാതെ രാമക്ഷേത്രത്തിന്റെ ചിത്രങ്ങളുള്ള ആറ് തരം സ്റ്റാമ്പുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.

സൂര്യൻ, സരയു നദി, ഗണപതി, ഹനുമാൻ, ജടായു, വിവിധ ക്ഷേത്ര ശിൽപങ്ങൾ എന്നിവയുടെ ചിത്രങ്ങളും സ്റ്റാമ്പിലുണ്ട്. റാമുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സ്റ്റാമ്പുകളുടെ ശേഖരം അടങ്ങിയ പുസ്തകവും മോദി പ്രകാശനം ചെയ്തു. പ്രാണപ്രതിഷ്ഠയെക്കുറിച്ച് നിരവധി തലമുറകളെ ഓർമ്മിപ്പിക്കാൻ സ്റ്റാമ്പുകൾ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പറഞ്ഞു.