അയോധ്യ രാമക്ഷേത്ര ഫണ്ട് ക്രമക്കേട്: ട്രസ്റ്റ് ഭാരവാഹികൾക്ക് നഗരം വിടരുതെന്ന് എസ്‌ഐടി നിർദേശം

 
Nat

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ ഫണ്ടിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളോടും പ്രധാന ഉദ്യോഗസ്ഥരോടും അന്വേഷണകാലത്ത് അയോധ്യ വിട്ടുപോകരുതെന്ന് നിർദേശിച്ചു. അന്വേഷണം നിർണായക ഘട്ടത്തിലെത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി. 

മൂന്നംഗ എസ്‌ഐടി ട്രസ്റ്റ് ഭാരവാഹികളെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. അന്വേഷണ റിപ്പോർട്ടുകൾ ദിവസേന ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറുന്നുണ്ടെന്നും അന്തിമ റിപ്പോർട്ട് ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നുമാണ് വിവരം. 

സംഭാവനാ ഫണ്ടിന്റെ വിനിയോഗം മാത്രമല്ല, ക്ഷേത്ര ട്രസ്റ്റ് വിവിധ ഘട്ടങ്ങളിൽ നടത്തിയ ഭൂമി വാങ്ങൽ, നിർമ്മാണ സാമഗ്രികളുടെ വാങ്ങൽ, സാമ്പത്തിക ഇടപാടുകൾ എന്നിവയും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. വിപണി വിലയെക്കാൾ ഉയർന്ന നിരക്കിൽ ഭൂമി വാങ്ങിയെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്. 

സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന പ്രകാരമാണ് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ലഖ്നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ മുതിർന്ന പൊലീസ്, ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. 

അതേസമയം, അന്വേഷണത്തിൽ സത്യം ഉടൻ പുറത്തുവരുമെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഭക്തരുടെ വികാരം വ്രണപ്പെടുത്തരുതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. അന്വേഷണം സുതാര്യമായും സമയബന്ധിതമായും പൂർത്തിയാക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.