ബദ്രിനാഥ് ക്ഷേത്രത്തിലെ കാണിക്ക തട്ടിപ്പ്; മുൻ ക്ഷേത്ര ഉദ്യോഗസ്ഥനെ എസ്‌ഐടി അറസ്റ്റ് ചെയ്തു
ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രത്തിലെ കാണിക്ക തട്ടിപ്പ് കേസിൽ മുൻ ക്ഷേത്ര ഉദ്യോഗസ്ഥൻ രാജേന്ദ്ര ചൗഹാനെ പ്രത്യേക അന്വേഷണസംഘം (SIT) അറസ്റ്റ് ചെയ്തു. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.
ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. കേസിൽ പ്രധാന പ്രതികളിൽ ഒരാളായ ചൗഹാന്റെ പങ്കിനെക്കുറിച്ചാണ് എസ്‌ഐടി വിശദമായി അന്വേഷിച്ചുവരുന്നത്.
ഇതിന് മുമ്പ് ബദ്രിനാഥ്-കേദാർനാഥ് ക്ഷേത്രസമിതി (BKTC)യിലെ സസ്പെൻഡ് ചെയ്ത ജീവനക്കാരനെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ക്ഷേത്രത്തിലെ കാണിക്ക ശേഖരണത്തിലും സൂക്ഷിപ്പിലും ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നത് ഉൾപ്പെടെ അന്വേഷണം തുടരുകയാണെന്നും, ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.