മുഹറം ഘോഷയാത്രയ്ക്കിടെ ബാൽക്കണി തകർന്നു വീണു

രണ്ട് കുട്ടികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
 
Accident

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ മുഹറം ഘോഷയാത്രയ്ക്കിടെ വീടിന്റെ ബാൽക്കണി തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേറ്റു. മഹോണ മേഖലയിലായിരുന്നു ദാരുണ സംഭവം. 

പ്രാദേശികരുടെ വിവരമനുസരിച്ച്, മുഹറം ഘോഷയാത്ര കടന്നുപോകുന്നതിനിടെ സമീപത്തെ വീട്ടിൽ നിന്ന് ശര്ബത്തും ഭക്ഷണവും വിതരണം ചെയ്യുകയായിരുന്നു. ബാൽക്കണിയിൽ നിന്നിരുന്നവർ താഴെയുണ്ടായിരുന്നവർക്ക് ഭക്ഷണം കൈമാറുന്നതിനിടെ കൂടുതൽ പേർ ബാൽക്കണിയിൽ കയറിയതും താഴെ നിന്ന് ചിലർ ബാൽക്കണിയിൽ പിടിച്ചുനിന്നതും കാരണം അമിതഭാരം താങ്ങാനാകാതെ ബാൽക്കണി തകർന്നുവീഴുകയായിരുന്നു. 

അപകടത്തിൽ 12 വയസുകാരനായ അലി, 14 വയസുകാരനായ അർമാൻ എന്നിവർ മരിച്ചു. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 

സംഭവത്തെ തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന, രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ബാൽക്കണി തകർന്നതിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.