ഷെയ്ഖ് ഹസീനയെ 'ശിക്ഷിക്കപ്പെട്ട കുറ്റവാളി'യെന്ന് വിശേഷിപ്പിച്ച് ബംഗ്ലാദേശ് നിയമമന്ത്രി; ഇന്ത്യയ്ക്ക് കൈമാറൽ അഭ്യർഥന നൽകി

 
National

ധാക്ക: മുൻ പ്രധാനമന്ത്രിയും പുറത്താക്കപ്പെട്ട ഭരണാധികാരിയുമായ ഷെയ്ഖ് ഹസീനയെ 'ശിക്ഷിക്കപ്പെട്ട കുറ്റവാളി'യെന്ന് വിശേഷിപ്പിച്ച് ബംഗ്ലാദേശ് നിയമമന്ത്രി എം. അസദുസ്സമാൻ. ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ഔദ്യോഗികമായി കൈമാറൽ അഭ്യർഥന നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

ധാക്കയിൽ ഞായറാഴ്ച ഒരു പരിശീലന ശിൽപശാലയുടെ ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബംഗ്ലാദേശിലെ ട്രൈബ്യൂണൽ വിചാരണ നടത്തി കുറ്റക്കാരിയെന്ന് കണ്ടെത്തിയ വ്യക്തിയാണ് ഹസീനയെന്നും രാജ്യത്തിന്റെ നിയമപരമായ നിലപാടിൽ അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണെന്നും അദ്ദേഹം പറഞ്ഞു.

ഹസീനയെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ നിയമപരമായ മാർഗങ്ങളിലൂടെ മാത്രമായിരിക്കുമെന്നും വൈകാരികമായ തീരുമാനങ്ങൾക്ക് സർക്കാർ മുതിരില്ലെന്നും അസദുസ്സമാൻ വ്യക്തമാക്കി. ഇന്ത്യയുമായുള്ള കൈമാറൽ ഉടമ്പടി പ്രകാരമാണ് അഭ്യർഥന നൽകിയിരിക്കുന്നത്. ഇന്ത്യ കൈമാറാൻ തയ്യാറായാൽ ബംഗ്ലാദേശിലെ നിയമനടപടികൾ പാലിച്ചായിരിക്കും തുടർനടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ഓഗസ്റ്റ് അഞ്ചിന് ഭരണവിരുദ്ധ പ്രക്ഷോഭത്തെത്തുടർന്നാണ് 15 വർഷം നീണ്ട ഭരണത്തിന് വിരാമമിട്ട് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. 2025 നവംബറിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരിയെന്ന് കണ്ടെത്തി. അസാന്നിധ്യത്തിൽ നടത്തിയ വിചാരണയിൽ ഒരു കുറ്റത്തിന് വധശിക്ഷയും മറ്റൊരു കുറ്റത്തിന് ജീവപര്യന്തം തടവുമാണ് വിധിച്ചത്.

ബംഗ്ലാദേശിന്റെ കൈമാറൽ അഭ്യർഥന ലഭിച്ചതായി ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഹസീനയെ കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. അഭ്യർഥനകൾ നിലവിലുള്ള നടപടിക്രമങ്ങൾ അനുസരിച്ച് പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.