ഖമേനിയുടെ സംസ്‌കാരച്ചടങ്ങിലേക്ക് ബിജെപി-കോൺഗ്രസ് നേതാക്കൾക്കും ക്ഷണം; പങ്കെടുക്കുമോ എന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവായ അയത്തുല്ല അലി ഖമേനിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ ഇറാൻ ക്ഷണിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എന്നിവർക്കാണ് ഔദ്യോഗിക ക്ഷണം ലഭിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, ഖാർഗെ ചടങ്ങിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിന്റെ പ്രതിനിധി സംഘത്തെ ആരൊക്കെ നയിക്കുമെന്നതിലും വ്യക്തത വന്നിട്ടില്ല.
ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലഫ്. ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈനും ചടങ്ങിൽ പങ്കെടുക്കും. ഇവരാണ് ഔദ്യോഗിക ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുക.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധ്യത കുറവാണെന്നും, പകരം ഔദ്യോഗിക പ്രതിനിധി സംഘത്തെ അയയ്ക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്ക-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾ ജൂലൈ ആദ്യവാരം ടെഹ്റാനിലും മറ്റ് വിശുദ്ധ നഗരങ്ങളിലുമായി നടക്കും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്.