യുവാക്കളെ ലക്ഷ്യമിട്ട് ബിജെപിയുടെ ഡിജിറ്റൽ തന്ത്രത്തിൽ മാറ്റം; റീലുകളും ഡാറ്റയും കേന്ദ്രീകരിച്ച് പുതിയ നീക്കം

 
National

ന്യൂഡൽഹി: ജെൻ-സെഡ് യുവാക്കളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തുന്നതിനായി ഡിജിറ്റൽ പ്രചാരണ തന്ത്രം പുനഃസംഘടിപ്പിച്ച് ബിജെപി. ഇൻസ്റ്റഗ്രാം റീലുകൾ, യുവാക്കൾക്കായുള്ള പ്രത്യേക ഉള്ളടക്കം, ഡാറ്റ അധിഷ്ഠിത സമീപനം എന്നിവയ്ക്കാണ് പുതിയ തന്ത്രത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്നത്. 

ബിജെപി ഐടി സെൽ മേധാവിയായി ദീപക് മ്ഹാസ്കെ ചുമതലയേറ്റതിന് പിന്നാലെയാണ് പുതിയ നീക്കങ്ങൾ. യുവാക്കൾ കൂടുതലായി ഉപയോഗിക്കുന്ന ഇൻസ്റ്റഗ്രാമിൽ സർക്കാർ പദ്ധതികളും നയങ്ങളും ലളിതമായ ഷോർട്ട് വീഡിയോകളിലൂടെയും റീലുകളിലൂടെയും അവതരിപ്പിക്കാനാണ് ലക്ഷ്യം.

സമീപകാല വിദ്യാർഥി പ്രതിഷേധങ്ങൾക്കിടയിൽ ഇൻസ്റ്റഗ്രാം രാഷ്ട്രീയ ആശയവിനിമയത്തിന്റെയും പ്രതിഷേധങ്ങളുടെയും പ്രധാന വേദിയായി മാറിയതും ബിജെപി വിലയിരുത്തുന്നുണ്ട്. ഇതോടെ എക്സ്, ഫേസ്ബുക്ക് തുടങ്ങിയ പരമ്പരാഗത പ്ലാറ്റ്ഫോമുകളിലെ ഏകപക്ഷീയമായ സന്ദേശവിനിമയത്തിൽ നിന്ന് മാറി യുവാക്കളുമായി രണ്ടുവഴിയിലുള്ള ആശയവിനിമയം ശക്തമാക്കാനാണ് നീക്കം. 

ജില്ലാതലത്തിൽ യുവാക്കളെ ഉൾപ്പെടുത്തി പ്രത്യേക ഡിജിറ്റൽ ടീമുകൾ രൂപീകരിക്കുന്നതും പരിഗണനയിലുണ്ട്. യുവാക്കൾക്ക് അവരുടെ ഭാഷയിലും ശൈലിയിലും ഉള്ളടക്കം കൈമാറാൻ യുവാക്കൾ തന്നെയാണ് കൂടുതൽ അനുയോജ്യമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാത്രി വൈകിയുള്ള ഇൻസ്റ്റഗ്രാം റീലുകളും യുവാക്കളുമായി നേരിട്ടുള്ള സോഷ്യൽ മീഡിയ ആശയവിനിമയവും പുതിയ സമീപനത്തിന്റെ ഭാഗമായാണ് ബിജെപി കാണുന്നത്. സർക്കാർ പദ്ധതികളുടെ വിവരങ്ങൾ മാത്രമല്ല, യുവാക്കളുടെ തൊഴിൽ, വിദ്യാഭ്യാസം, പരീക്ഷകൾ തുടങ്ങിയ വിഷയങ്ങളെയും കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യാനാണ് പാർട്ടിയുടെ ശ്രമം. 

അതേസമയം, യുവാക്കളുടെ സോഷ്യൽ മീഡിയ സംസ്കാരം മനസ്സിലാക്കാതെ റീലുകളിലൂടെ മാത്രം അവരെ ആകർഷിക്കാനാകില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ബിജെപിയുടെ പുതിയ ഡിജിറ്റൽ തന്ത്രം യുവാക്കളുടെ പ്രതികരണങ്ങളെയും ഓൺലൈൻ ട്രെൻഡുകളെയും എത്രത്തോളം സ്വാധീനിക്കുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.