ബിപിഎൽ സ്ഥാപകൻ ടിപിജി നമ്പ്യാർ അന്തരിച്ചു


ബെംഗളൂരു: ബിപിഎൽ ലിമിറ്റഡിൻ്റെ സ്ഥാപകൻ ടിപിജി നമ്പ്യാർ (ടിപി ഗോപാലൻ നമ്പ്യാർ) (95) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മലയാളികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ അറിയപ്പെടുന്ന ബ്രാൻഡായി ബിപിഎല്ലിനെ മാറ്റിയത് നമ്പ്യാരാണ്. മുൻ കേന്ദ്രമന്ത്രിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറാണ് അദ്ദേഹത്തിൻ്റെ മരുമകൻ.
ടിപിജി നമ്പ്യാർ 1963-ൽ ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് അഥവാ ബിപിഎൽ സ്ഥാപിച്ചു. തുടക്കത്തിൽ അത് പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുകയും പിന്നീട് ഇലക്ട്രോണിക്സ് രംഗത്തേക്ക് കടക്കുകയും ചെയ്തു. 1990-കളോടെ ബിപിഎൽ ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖലയിലെ ഒരു മുൻനിര ശക്തിയായി നിലയുറപ്പിച്ചു.
അക്കാലത്ത് ടിവി, ഫോൺ വിപണികളിലെ ആധിപത്യത്തോടെ ബിപിഎൽ ഇന്ത്യയിലെ മികച്ച 10 പ്രമുഖ കമ്പനികളിൽ ഇടം നേടി. മൊബൈൽ നിർമാണ മേഖലയിൽ അതുല്യമായ വിപ്ലവം കൊണ്ടുവരുന്നതിനാണ് ബിപിഎൽ അറിയപ്പെടുന്നത്. അത്തരമൊരു ഐതിഹാസിക സ്ഥാപനത്തിൻ്റെ ഉടമ ഇപ്പോൾ പോയി.