കർണാടക ഹൈവേയിൽ കാറിൽ സ്ഫോടനം; യുവാവ് കത്തിമരിച്ചു, സ്ഫോടകവസ്തു ഉപയോഗിച്ചതെന്ന് സംശയം
കർണാടകയിലെ തുമകൂരു ജില്ലയിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ ഉണ്ടായ സ്ഫോടനത്തിൽ 30-കാരൻ കത്തിമരിച്ചു. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന 23-കാരിയായ യുവതിക്കും കാർ ഡ്രൈവർക്കും പരിക്കേറ്റു. കാറിൽ സ്ഫോടകവസ്തു ഉണ്ടായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോലീസിന്റെ വിവരമനുസരിച്ച്, ബെംഗളൂരുവിൽ നിന്ന് അങ്കോളയിലേക്ക് യാത്രതിരിച്ച കാറിൽ യുവാവും യുവതിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ യുവാവ് യുവതിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചതായും, തുടർന്ന് യുവതി കാറിൽ ബോംബുണ്ടെന്ന് ഡ്രൈവറെ അറിയിച്ച് പുറത്തേക്ക് ചാടിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഡ്രൈവറും ഉടൻ വാഹനം നിർത്തി പുറത്തേക്കിറങ്ങി.
തുടർന്ന് യുവാവ് കാറിനുള്ളിൽ തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന നാടൻ സ്ഫോടകവസ്തു പൊട്ടിച്ചിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. സ്ഫോടനത്തെ തുടർന്ന് കാർ പൂർണമായും തീപിടിച്ച് യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം, ഉപയോഗിച്ച വസ്തുവിന്റെ സ്വഭാവം എന്നിവ ഫോറൻസിക് പരിശോധനയിലൂടെ സ്ഥിരീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
തുമകൂരു ജില്ലാ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെയും സ്ഫോടനത്തിന്റെയും പശ്ചാത്തലവും ഉദ്ദേശ്യവും കണ്ടെത്താൻ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.