‘ആദ്യം ജാതിവ്യവസ്ഥ അവസാനിപ്പിക്കണം’; സംവരണം ഭരണഘടനാപരമായ അവകാശമെന്ന് രാംദാസ് അത്താവലെ
ന്യൂഡൽഹി: രാജ്യത്ത് ജാതിവിവേചനം നിലനിൽക്കുന്നിടത്തോളം സംവരണം തുടരണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അത്താവലെ. സംവരണം റദ്ദാക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് അത്താവലെയുടെ പ്രതികരണം. ജാതിവ്യവസ്ഥ തന്നെ പൂർണമായി അവസാനിപ്പിച്ച ശേഷം മാത്രമേ സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സംവരണം ഒരു ആനുകൂല്യമല്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും അത്താവലെ പറഞ്ഞു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കു പുറമെ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വിവിധ ഘട്ടങ്ങളിലായി സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതിയുടെ പേരിലുള്ള വിവേചനവും അതിക്രമങ്ങളും ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ സംവരണം അവസാനിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഗ്രാമപ്രദേശങ്ങളിലടക്കം ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അവസരങ്ങളിലേക്കുള്ള പ്രവേശനത്തിലും ചിലപ്പോൾ ജാതി പരിഗണനകൾ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അത്താവലെ പറഞ്ഞു. ജാതിവ്യവസ്ഥ പൂർണമായി ഇല്ലാതായാൽ സംവരണത്തിന്റെ ആവശ്യകതയും ഇല്ലാതാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം, രാജ്യവ്യാപക ജാതി സെൻസസിനെയും അത്താവലെ പിന്തുണച്ചു. വിവിധ സാമൂഹിക വിഭാഗങ്ങളുടെ കൃത്യമായ ജനസംഖ്യാ കണക്കുകൾ ലഭിക്കുന്നത് സാമൂഹ്യനീതി പദ്ധതികളും സംവരണ നയങ്ങളും കൂടുതൽ കൃത്യമായി രൂപപ്പെടുത്താൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ജനസംഖ്യാനുപാതികമായ പ്രതിനിധിത്വം ഉറപ്പാക്കുന്നതിന് ജാതി അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ് പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജാതിവിവേചനം അവസാനിപ്പിക്കുന്നതിനൊപ്പം പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കണമെന്നതാണ് അത്താവലെയുടെ നിലപാട്. സംവരണം വേണമോ വേണ്ടയോ എന്ന ചർച്ചയ്ക്ക് മുമ്പ് സമൂഹത്തിലെ ജാതിവിവേചനം അവസാനിപ്പിക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ പരാമർശം രാജ്യത്തെ സംവരണ ചർച്ചയ്ക്ക് വീണ്ടും ചൂടേകുകയാണ്.