കാവേരി ജലവിതരണ തർക്കം: ഓഗസ്റ്റ് 13-ന് 12 മണിക്കൂർ കർണാടക ബന്ദിന് ആഹ്വാനം

 
National

കാവേരി നദിയിൽ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുനൽകണമെന്ന കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ (CWMA) നിർദേശത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 13-ന് കർണാടകയിൽ 12 മണിക്കൂർ സംസ്ഥാന ബന്ദിന് കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. 

കന്നഡ അനുകൂല സംഘടനകളുടെയും കർഷക സംഘടനകളുടെയും സംയുക്ത യോഗത്തിന് ശേഷമാണ് ബന്ദ് പ്രഖ്യാപിച്ചത്. തമിഴ്നാടിന് പ്രതിദിനം 3,500 ക്യൂസെക്‌സ് വെള്ളം 15 ദിവസത്തേക്ക് വിട്ടുനൽകണമെന്ന CWMA നിർദേശത്തിനെതിരെയാണ് പ്രതിഷേധം ശക്തമായത്. 

ബന്ദിന് പിന്തുണ നേടാൻ വിവിധ സംഘടനകളുമായും വ്യാപാര സ്ഥാപനങ്ങളുമായും ഗതാഗത മേഖലയുമായും ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം, കാവേരി ജലവിഷയത്തിൽ തുടർനടപടികൾ ആലോചിക്കാൻ കർണാടക സർക്കാർ സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്.