ഭഗവന്ത് മന്നിന്റെ ക്യാമ്പ് ഓഫീസിൽ സി.ബി.ഐ റെയ്ഡ്; ഒ.എസ്.ഡിക്കെതിരെ അഴിമതി അന്വേഷണം
ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ചണ്ഡിഗഢിലെ ക്യാമ്പ് ഓഫീസിൽ സി.ബി.ഐ റെയ്ഡ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരായ അഴിമതി ആരോപണങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി) രാജ്ബീർ സിങ് ഗുമാനെതിരെയും മറ്റ് അഞ്ച് പേർക്കെതിരെയും സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചണ്ഡിഗഢ്, മൊഹാലി, ഗുരുദാസ്പൂർ, ലുധിയാന, പട്യാല, സംഗ്റൂർ, ജലന്ധർ എന്നിവിടങ്ങളിലായി എട്ട് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. മന്നിന്റെ ക്യാമ്പ് ഓഫീസിന് പുറമെ ഒ.എസ്.ഡിയുടെയും കേസിലെ മറ്റ് പ്രതികളുമായി ബന്ധപ്പെട്ടവരുടെയും വീടുകളിലും പരിശോധന നടന്നു. ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, രേഖകൾ എന്നിവ സി.ബി.ഐ പിടിച്ചെടുത്തതായി അറിയിച്ചു.
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം, വകുപ്പുതല നടപടികൾ, സർക്കാർ നയങ്ങൾ, ഭരണാനുമതികൾ, ടെൻഡർ വ്യവസ്ഥകൾ, ലൈസൻസിങ്, ഭൂവിനിയോഗം തുടങ്ങിയ വിഷയങ്ങളിൽ സാമ്പത്തിക നേട്ടത്തിനായി സ്വാധീനം ചെലുത്തിയെന്ന ആരോപണങ്ങളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. സർക്കാർ ഉത്തരവുകളുടെയും നയങ്ങളുടെയും കരടുകൾ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പ് സ്വകാര്യ വ്യക്തികൾക്ക് കൈമാറിയെന്ന ആരോപണവും അന്വേഷണത്തിലുണ്ട്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് എഫ്.ഐ.ആറും റെയ്ഡും. പഞ്ചാബ് സർക്കാർ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, റെയ്ഡിനെ രാഷ്ട്രീയ പ്രേരിതമെന്നാണ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ആരോപണം. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്റെ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് മന്നിന്റെ പ്രതികരണം. ബി.ജെ.പി ആരോപണം നിഷേധിക്കുകയും ഹൈക്കോടതി നിർദേശപ്രകാരമാണ് സി.ബി.ഐ അന്വേഷണം നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
അന്വേഷണം പുരോഗമിക്കുകയാണെന്നും പിടിച്ചെടുത്ത രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചുവരികയാണെന്നും സി.ബി.ഐ അറിയിച്ചു.