കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് എസ്ബിഐ മുൻ മാനേജർമാർക്കെതിരെ സിബിഐ കേസെടുത്തു

 
SBI

ചെന്നൈ: ഏഴ് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് മുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തു.

എസ്ബിഐ ഈറോഡ് നമ്പിയൂർ ബ്രാഞ്ച് ഡെപ്യൂട്ടി മാനേജർ എം കാർത്തിക് കുമാറും മാനേജർ എം ശിവഹരിയും ചേർന്ന് 2021-22 കാലയളവിൽ മാനദണ്ഡങ്ങൾ ലംഘിച്ച് അർഹതയില്ലാത്തവർക്ക് 3.25 കോടി രൂപ വായ്പ അനുവദിച്ചുവെന്നാണ് കേസ്. വ്യാജരേഖ ചമച്ച് 30 എക്‌സ്‌പ്രസ് ക്രെഡിറ്റ് ലോണുകളാണ് ഇവർ നൽകിയത്. ആഭ്യന്തര ഓഡിറ്റ് വിഭാഗമാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്.

വായ്പയെടുത്തവർ സിബിൽ സ്‌കോറുകളും സാലറി സ്ലിപ്പുകളും കെട്ടിച്ചമച്ചു. ഇവരുടെ വായ്പാ അപേക്ഷകൾ മറ്റ് ബ്രാഞ്ചുകൾ നേരത്തെ നിരസിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കാർത്തിക് കുമാറിനെ കൂടാതെ ഭാര്യ രമ്യ, സഹോദരി നിത്യ, അമ്മ മല്ലിക ദേവി എന്നിവരെയും പ്രതികളാക്കി.

മറ്റൊരു കേസിൽ 2021ൽ 28 എക്‌സ്‌പ്രസ് ക്രെഡിറ്റ് ലോണുകൾ 14 എസ്എംഇ ലോണുകൾ (ബിസിനസ്), 21 വിള വായ്പകൾ, ഒരു പ്രധാനമന്ത്രി എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാം (പിജിഇഎംപി) സബ്‌സിഡി അനുവദിച്ചതിന് അന്നത്തെ അയ്യൻസലൈ ബ്രാഞ്ച് മാനേജരായിരുന്ന അഭിജിത് കുമാറിനെതിരെ കേസെടുത്തു.

ബാങ്കിൻ്റെ വ്യാജരേഖ ചമച്ച് അഭിജിത്ത് കുമാറും സംഘവും 3.87 കോടി രൂപ വായ്പ എടുത്തതായി കണ്ടെത്തി. വ്യാജരേഖ ചമയ്ക്കൽ, ഓഫീസ് ദുരുപയോഗം, ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മദ്രാസ് ഹൈക്കോടതി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.