മുംബൈയിൽ വീണ്ടും സെലിബ്രിറ്റിയുടെ കാർ അപകടം
നടി ഊർമിള കോത്താരെയുടെ കാർ രണ്ട് തൊഴിലാളികളുടെ മുകളിലൂടെ പാഞ്ഞുകയറി; ഒരാൾ മരിച്ചു
മുംബൈ: മറാത്തി നടി ഊർമിള കോത്താരെയുടെ കാർ രണ്ട് തൊഴിലാളികൾക്ക് മുകളിലൂടെ പാഞ്ഞുകയറി ഒരാൾ മരിച്ചു. മുംബൈ കണ്ടിവാലിയിൽ മെട്രോയുടെ നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയാണ് മരിച്ചത്. അപകടത്തിൽ നടിയുടെ ഡ്രൈവർക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച അർധരാത്രി ഷൂട്ടിങ്ങിന് ശേഷം മടങ്ങുകയായിരുന്ന ഊർമിള കോത്താരെ മെട്രോ സ്‌റ്റേഷനു സമീപമായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് തൊഴിലാളികളുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു. ഒരു തൊഴിലാളി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു.
കാറിൻ്റെ എയർബാഗുകൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാൽ നടിക്ക് കാര്യമായ പരിക്കില്ലെന്നാണ് പോലീസ് പറയുന്നത്. അപകടത്തിൽ നടിയുടെ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. നടിയുടെ ഡ്രൈവർക്കെതിരെ സമതാ നഗർ പോലീസ് കേസെടുത്തു. നടനും സംവിധായകനുമായ ആദിനാഥ് കോത്താരെയുടെ ഭാര്യയാണ് ഊർമ്മിള.