ഭിന്നശേഷി നിർണയ ചട്ടങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം; എട്ട് വിഭാഗങ്ങൾക്ക് പുതിയ സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ
ന്യൂഡൽഹി: ഭിന്നശേഷി നിർണയത്തിനും സർട്ടിഫിക്കേഷൻ നടപടികൾക്കുമായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഭിന്നശേഷിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരേ രീതിയിലുള്ള മെഡിക്കൽ പരിശോധനയും സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരമാണ് സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം പുതുക്കിയ മാർഗനിർദേശങ്ങൾ വിജ്ഞാപനം ചെയ്തത്.
ചലനശേഷിക്കുറവ്, കാഴ്ചപരിമിതി, കേൾവി-സംസാര-ഭാഷാ വൈകല്യങ്ങൾ, പ്രത്യേക പഠനവൈകല്യം, ബൗദ്ധിക വൈകല്യം, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, മാനസിക രോഗങ്ങൾ, രക്തസംബന്ധമായ വൈകല്യങ്ങൾ, ഒന്നിലധികം വൈകല്യങ്ങൾ, വിട്ടുമാറാത്ത നാഡീസംബന്ധമായ രോഗങ്ങൾ എന്നിവയാണ് പുതുക്കിയ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന എട്ട് പ്രധാന വിഭാഗങ്ങൾ.
യോഗ്യതയുള്ള സ്വകാര്യ മേഖലയിലെ ഡോക്ടർമാർക്കും മെഡിക്കൽ ബോർഡുകളിൽ അംഗങ്ങളാകാൻ പുതിയ മാർഗനിർദേശങ്ങൾ അനുമതി നൽകുന്നു. ഭിന്നശേഷിയുടെ തോത് വിലയിരുത്തുന്നതിനും സർട്ടിഫിക്കറ്റ് നൽകുന്നതിനും യുണീക് ഡിസെബിലിറ്റി ഐഡന്റിറ്റി (UDID) കാർഡ് അനുവദിക്കുന്നതിനും ഏകീകൃത മാനദണ്ഡങ്ങൾ പാലിക്കണം. 2024 മാർച്ചിൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്ക് പകരമായാണ് പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നത്. പഴയ മാർഗനിർദേശങ്ങൾ പ്രകാരം ഇതിനകം പൂർത്തിയാക്കിയ നടപടികൾക്കും സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.