കൃഷിഭവൻ വളപ്പിലെ നൂറിലേറെ വർഷം പഴക്കമുള്ള പള്ളി നീക്കം ചെയ്യണമെന്ന് കേന്ദ്രം

 സർക്കാർ സ്വത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമെന്ന് വാദം
 
National

ന്യൂഡൽഹിയിലെ കൃഷിഭവൻ സമുച്ചയത്തിലുള്ള നൂറിലേറെ വർഷം പഴക്കമുള്ള ഖദീമി മസ്ജിദ് നീക്കം ചെയ്യണമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി കൃഷിഭവനും ശാസ്ത്രിഭവനും പൊളിച്ചുമാറ്റി പുതിയ കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് കെട്ടിടങ്ങൾ നിർമിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായാണ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലവും പദ്ധതിക്കായി ആവശ്യമായി വരുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.

കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസാണ് കോടതിയിൽ നിലപാട് അറിയിച്ചത്. കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും സർക്കാർ ഭരണപരവും പൊതുസേവനപരവുമായ ആവശ്യങ്ങൾക്കായി മാറ്റിവെച്ചിട്ടുള്ള മതേതര പൊതുസ്ഥലങ്ങളാണെന്നും സ്ഥിരമായ മതപരമായ ആരാധനാലയം അവിടെ നിലനിർത്തുന്നത് സർക്കാർ സ്വത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നുമാണ് കേന്ദ്രത്തിന്റെ വാദം.

1940 നവംബർ എട്ടിന് അന്നത്തെ ഭരണകൂടവും പള്ളി പരിപാലന സമിതിയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം ആരാധനയ്ക്കായി മാത്രമാണ് സ്ഥലത്തിന്റെ ഉപയോഗം അനുവദിച്ചതെന്നും ഇതിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം സമിതിക്ക് ലഭിച്ചിട്ടില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. സർക്കാർ ഭൂമിയിൽ പ്രത്യേക ആരാധനാലയം നിലനിർത്തണമെന്ന് ആവശ്യപ്പെടാൻ ഭരണഘടനയുടെ 25-ാം അനുച്ഛേദം അവകാശം നൽകുന്നില്ലെന്നും കേന്ദ്രം വാദിച്ചു. ഇന്ത്യാ ഗേറ്റിന് സമീപമുള്ള ഷാഹി മസ്ജിദ് സബ്ത ഗഞ്ച് രണ്ട് കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

അതേസമയം, പള്ളി പരിപാലന സമിതി കേന്ദ്രത്തിന്റെ നീക്കത്തെ ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കൃഷിഭവനിലും സമീപത്തെ സർക്കാർ ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാർ പതിറ്റാണ്ടുകളായി നമസ്കാരത്തിനായി ഈ പള്ളിയെ ആശ്രയിക്കുന്നുണ്ടെന്നാണ് സമിതിയുടെ വാദം. പള്ളി നിലവിലുള്ള സ്ഥലത്ത് നിലനിർത്താൻ കഴിയാത്ത സാഹചര്യമാണെങ്കിൽ പുതിയ കെട്ടിട സമുച്ചയത്തിൽ സമീപത്തായി അനുയോജ്യമായ മറ്റൊരു ആരാധനാസൗകര്യം ഒരുക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

നവംബർ രണ്ടിന് കേസ് പരിഗണിച്ച ജസ്റ്റിസ് അനീഷ് ദയാൽ സർക്കാർ സമുച്ചയങ്ങളിൽ വിവിധ മതവിഭാഗങ്ങൾക്ക് പ്രാർഥനയ്ക്കായി ഇടം അനുവദിക്കുന്നതിനെ വിലക്കുന്ന നിയമങ്ങളുണ്ടോയെന്ന് കേന്ദ്രത്തോട് ചോദിച്ചു. കേന്ദ്രത്തിന്റെ നിലപാടിൽ കൂടുതൽ വ്യക്തത തേടിയ കോടതി, പള്ളി പരിപാലന സമിതിക്ക് മറുപടി സമർപ്പിക്കാൻ സമയം അനുവദിച്ചു. നവംബർ 23-ന് കേസ് വീണ്ടും പരിഗണിക്കും. പള്ളി നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമൊന്നും കോടതി ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.