അമേരിക്കൻ സന്ദർശനത്തിന് കേന്ദ്രത്തിന്റെ അനുമതി നിഷേധിച്ചു
തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനം കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് റദ്ദാക്കി. വിദേശകാര്യ മന്ത്രാലയം (MEA) ‘രാഷ്ട്രീയ തലത്തിലുള്ള അനുമതി നിഷേധിച്ചു’ എന്നാണ് അറിയിച്ചതെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
‘തെലങ്കാന റൈസിങ്’ പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് രേവന്ത് റെഡ്ഡി യുകെയും യുഎസും സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്. ഓഗസ്റ്റ് 20ന് ആരംഭിച്ച 10 ദിവസത്തെ യാത്രയിൽ യുഎസിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരണാപത്രങ്ങളിൽ ഒപ്പിടുന്നതുൾപ്പെടെയുള്ള പരിപാടികളാണ് നിശ്ചയിച്ചിരുന്നത്.
യുകെ സന്ദർശനത്തിന് കേന്ദ്രം അനുമതി നൽകിയെങ്കിലും യുഎസ് സന്ദർശനത്തിന് അനുമതി നൽകിയില്ല. പ്രതിനിധി സംഘം യുകെയിലെത്തിയ ശേഷമാണ് കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാന സർക്കാരിനെ അറിയിച്ചതെന്നാണ് റിപ്പോർട്ട്.
യുഎസ് യാത്ര റദ്ദാക്കിയതിനെ തുടർന്ന് രേവന്ത് റെഡ്ഡി ഓഗസ്റ്റ് 23ന് ലണ്ടനിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങും. അതേസമയം, നേരത്തെ നിശ്ചയിച്ചിരുന്ന യുഎസിലെ ഔദ്യോഗിക പരിപാടികളും കരാറുകളും ഉദ്യോഗസ്ഥർ മുന്നോട്ടുകൊണ്ടുപോകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
കേന്ദ്രത്തിന്റെ തീരുമാനത്തോട് പ്രതികരിച്ച രേവന്ത് റെഡ്ഡി, യുവാക്കളുടെ വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംസ്ഥാനത്തിന്റെ വികസനം തുടങ്ങിയ വിഷയങ്ങൾ രാഷ്ട്രീയത്തിനും തിരഞ്ഞെടുപ്പിനും അതീതമായി കാണണമെന്ന് പറഞ്ഞു.