കോപിറൈറ്റ് ലംഘനം: ടെലഗ്രാമിന് കേന്ദ്രത്തിന്റെ 15 ദിവസത്തെ അന്ത്യശാസനം; നടപടി റിപ്പോർട്ട് സമർപ്പിക്കണം

 
National

ന്യൂഡൽഹി: പൈറേറ്റഡ് സിനിമകൾ, ഒടിടി ഉള്ളടക്കങ്ങൾ, മറ്റ് പകർപ്പവകാശ സംരക്ഷണമുള്ള ഓഡിയോ-വിഷ്വൽ ഉള്ളടക്കങ്ങൾ എന്നിവ വ്യാപകമായി പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് കേന്ദ്ര സർക്കാർ 15 ദിവസത്തിനകം നടപടി സ്വീകരിക്കാൻ നിർദേശം നൽകി. സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ ആക്ഷൻ ടേക്കൺ റിപ്പോർട്ട് (ATR) സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. 

വിവര-പ്രക്ഷേപണ മന്ത്രാലയം നൽകിയ നോട്ടീസിൽ, പകർപ്പവകാശം ലംഘിക്കുന്ന ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനും ടെലഗ്രാം കൂടുതൽ ശക്തമായ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. പൈറസി ആവർത്തിച്ച് പ്രോത്സാഹിപ്പിക്കുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, ബോട്ടുകൾ, അക്കൗണ്ടുകൾ, അഡ്മിന്മാർ എന്നിവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. 

നിർമാതാക്കൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും നിയമപാലന ഏജൻസികൾക്കുമായി ടെലഗ്രാമിനുള്ള പരാതിപരിഹാര സംവിധാനം സംബന്ധിച്ച വിവരങ്ങളും സർക്കാർ തേടിയിട്ടുണ്ട്. ഉള്ളടക്കം ഓരോന്നായി നീക്കം ചെയ്യുന്നതിൽ ഒതുങ്ങാതെ, പൈറസി തടയാനുള്ള സംവിധാനങ്ങൾ പ്ലാറ്റ്ഫോം തലത്തിൽ തന്നെ ശക്തിപ്പെടുത്തണമെന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. 

15 ദിവസത്തിനകം നിർദേശങ്ങൾ പാലിച്ച് റിപ്പോർട്ട് സമർപ്പിക്കാത്ത പക്ഷം, ടെലഗ്രാമിനെതിരെ തുടർനിയമനടപടികൾ പരിഗണിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.