വാട്‌സ്ആപ്പ് 'യൂസർനെയിം' ഫീച്ചറിന് കേന്ദ്രത്തിന്റെ ചോദ്യങ്ങൾ; മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി

 
National

വാട്‌സ്ആപ്പിന്റെ പുതിയ 'യൂസർനെയിം' ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഉന്നയിച്ച ആശങ്കകൾക്ക് മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസത്തെ അധികസമയം അനുവദിച്ചു. കമ്പനിയുടെ അഭ്യർഥന പരിഗണിച്ചാണ് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം (MeitY) സമയം നീട്ടിനൽകിയത്. 

ഫോൺ നമ്പർ പങ്കുവെക്കാതെ ഉപയോക്താക്കൾക്ക് യൂസർനെയിം ഉപയോഗിച്ച് ആശയവിനിമയം നടത്താൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. എന്നാൽ ഇത് വ്യാജ അക്കൗണ്ടുകൾ, ആൾമാറാട്ടം, ഫിഷിങ് തട്ടിപ്പുകൾ, 'ഡിജിറ്റൽ അറസ്റ്റ്' ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിപ്പിക്കുമോയെന്ന ആശങ്കയാണ് കേന്ദ്ര സർക്കാർ ഉയർത്തിയത്. 

സർക്കാരുമായുള്ള ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഇന്ത്യയിൽ ഈ ഫീച്ചർ അവതരിപ്പിക്കില്ലെന്ന് വാട്‌സ്ആപ്പ് ഉറപ്പുനൽകിയിട്ടുണ്ട്. സർക്കാർ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും വിശദമായ മറുപടി നൽകുമെന്നും കമ്പനി അറിയിച്ചു. 

മറുപടി ലഭിച്ച ശേഷം സുരക്ഷാ സംവിധാനങ്ങളും ഉപയോക്തൃ സംരക്ഷണ നടപടികളും സർക്കാർ വിലയിരുത്തും. അതിനുശേഷമാകും ഇന്ത്യയിൽ വാട്‌സ്ആപ്പിന്റെ 'യൂസർനെയിം' ഫീച്ചർ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.