ദക്ഷിണ റെയിൽവേയ്ക്ക് കേന്ദ്രത്തിൻ്റെ പ്രത്യേക സമ്മാനം; രണ്ട് വന്ദേ ഭാരതങ്ങൾ കൂടി ട്രാക്കിൽ
ചെന്നൈ: ദക്ഷിണ റെയിൽവേയ്ക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സേവനങ്ങൾ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം മീററ്റ്-ലക്‌നൗ വന്ദേ ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും.
ചെന്നൈ എഗ്മോർ-നാഗർകോവിൽ ബെംഗളൂരു കൻ്റോൺമെൻ്റ്-മധുര റൂട്ടുകളിലാണ് പ്രത്യേക ട്രെയിനുകളുടെ സർവീസ്. ചെന്നൈയിൽ നിന്ന് ഉച്ചയ്ക്ക് 12.30 ന് യാത്ര ആരംഭിച്ച് രാത്രി 9.30 ന് നാഗർകോവിലിലെത്തും രണ്ടാമത്തെ ട്രെയിൻ മധുരയിൽ നിന്ന് ഉച്ചയ്ക്ക് 12:30 ന് പുറപ്പെട്ട് രാത്രി 9:30 ന് ബെംഗളൂരു കൻ്റോൺമെൻ്റിലെത്തും.
സ്‌പെഷ്യൽ സർവീസ് എന്ന നിലയിലാണ് ആരംഭിച്ചതെങ്കിലും അടുത്ത മാസം രണ്ടാം തീയതി മുതൽ സ്ഥിരം സർവീസായി മാറും. അപ്പോൾ സമയത്തിന് മാറ്റമുണ്ടാകും. സ്ഥിരമായി സർവീസ് നടത്തുന്ന ട്രെയിൻ ചെന്നൈയിൽ നിന്ന് രാവിലെ 5 മണിക്ക് യാത്ര ആരംഭിച്ച് ഉച്ചയ്ക്ക് 1.50 ന് നാഗർകോവിലിലെത്തും. നാഗർകോവിലിൽ നിന്ന് ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 11ന് ചെന്നൈയിലെത്തും. ബുധനാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല.
രണ്ടാമത്തെ ട്രെയിൻ മധുരയിൽ നിന്ന് രാവിലെ 5.15 ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് ബെംഗളൂരു കൻ്റോൺമെൻ്റിലെത്തും. മടക്ക ട്രെയിൻ ഒന്നരയ്ക്ക് പുറപ്പെട്ട് രാത്രി 9.45ന് മധുരയിലേക്ക് മടങ്ങും. ചൊവ്വാഴ്ച സർവീസ് ഉണ്ടാകില്ല.
അതേസമയം, കേരളത്തിൽ ഓണക്കാലത്ത് എറണാകുളം-ബെംഗളൂരു റൂട്ടിലെ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ എറണാകുളം ട്രാക്കിൽ വിശ്രമിക്കുന്നു. വൻതുക മുടക്കിയാണ് പലരും ബെംഗളൂരുവിൽ നിന്ന് ബസ് ടിക്കറ്റ് വാങ്ങുന്നത്.
സർവീസ് തുടരണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും യാത്രക്കാരുടെ സംഘടനകളും രംഗത്തെത്തിയിട്ടും റെയിൽവേ പരിഗണിച്ചില്ല. ഈ മാസം 26 വരെ സർവീസ് നടത്തിയിരുന്ന എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് റേക്ക് ഇപ്പോൾ എറണാകുളം ജങ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലാണ്.
സർവീസ് തുടരാൻ എറണാകുളം അധികൃതർ ഒരുക്കങ്ങൾ നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. ഓണം അടുത്ത ദിവസങ്ങളിൽ ബെംഗളൂരു എറണാകുളം റൂട്ടിൽ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് ഇരട്ടിയായി. ഇത് ഇനിയും ഉയരാനാണ് സാധ്യത.