വിധവകൾക്കും അനാഥർക്കുമുള്ള സെസ്; ഹിമാചലിൽ പെട്രോൾ, ഡീസൽ വില കൂടും
ഹിമാചൽ പ്രദേശിൽ പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 60 പൈസ വീതം ‘വിധവ–അനാഥ സെസ്’ ഏർപ്പെടുത്തി. ഓഗസ്റ്റ് 11 അർധരാത്രി മുതൽ പുതിയ സെസ് പ്രാബല്യത്തിൽ വന്നു.
വിധവകളുടെയും അനാഥരായ കുട്ടികളുടെയും ക്ഷേമ പദ്ധതികൾക്കായി സ്ഥിരമായ വരുമാനം കണ്ടെത്തുകയാണ് സെസിന്റെ ലക്ഷ്യമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാന നികുതി-എക്സൈസ് വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരമാണ് സെസ് ഈടാക്കുന്നത്.
സംസ്ഥാനത്തിനുള്ളിലെ ഇന്ധനത്തിന്റെ ആദ്യ വിൽപ്പന ഘട്ടത്തിലാണ് സെസ് ഈടാക്കുക. നിലവിലുള്ള നികുതികൾക്ക് പുറമെയാണ് പുതിയ നിരക്ക്. 10 ലിറ്റർ ഇന്ധനം വാങ്ങുമ്പോൾ 6 രൂപയും 40 ലിറ്ററിന് 24 രൂപയും അധികമായി നൽകേണ്ടിവരും. 50 ലിറ്റർ നിറയ്ക്കുമ്പോൾ 30 രൂപയാണ് അധിക ചെലവ്.
ഈ വർഷത്തെ ബജറ്റ് സമ്മേളനത്തിൽ പാസാക്കിയ നിയമഭേദഗതിയിലൂടെ ലിറ്ററിന് പരമാവധി അഞ്ച് രൂപ വരെ വിധവ–അനാഥ സെസ് ചുമത്താൻ സർക്കാരിന് അധികാരം ലഭിച്ചിരുന്നു. നിലവിൽ ഇതിൽ 60 പൈസയാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ സെസ് ഏർപ്പെടുത്തിയതിനെതിരെ പ്രതിപക്ഷമായ ബിജെപി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.