ചലോ സൻസദ്' പ്രതിഷേധം; നൂറുകണക്കിന് പേർ ഡൽഹിയിൽ, അഞ്ച് മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചു

 
National

ന്യൂഡൽഹി: പാർലമെന്റിലേക്ക് സംഘടിപ്പിച്ച 'ചലോ സൻസദ്' പ്രതിഷേധത്തിന്റെ ഭാഗമായി നൂറുകണക്കിന് പ്രവർത്തകർ ഡൽഹിയിലെ ജന്തർ മന്തറിൽ ഒത്തുകൂടി. പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് തലങ്ങളിലായാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാജീവ് ചൗക്ക്, ജനപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, സേവാ തീർഥ് എന്നിവ ഉൾപ്പെടെ അഞ്ച് മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചു. ഇതോടെ യാത്രക്കാർക്ക് ഗതാഗത തടസ്സവും തിരക്കും അനുഭവപ്പെട്ടു. 

പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി പൊലീസ് പ്രധാന മേഖലകളിൽ ഗതാഗത നിയന്ത്രണവും ശക്തമായ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.