ജാദവ്പുർ സർവകലാശാലയിൽ സംഘർഷം
കൊൽക്കത്തയിലെ ജാദവ്പുർ സർവകലാശാലയിൽ എബിവിപി പ്രവർത്തകരും ഇടത് അനുകൂല വിദ്യാർഥി സംഘടനകളും തമ്മിൽ സംഘർഷം. ബുധനാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ടു. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റതായും ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ഫാക്കൽറ്റി ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി സ്റ്റുഡന്റ്സ് യൂണിയന്റെ (FETSU) ജനറൽ ബോഡി യോഗവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. സർവകലാശാലയിൽ നിലവിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി യൂണിയൻ ഇല്ലാത്ത സാഹചര്യത്തിൽ യോഗം നടത്തുന്നതിനെ എബിവിപി എതിർത്തു.
ഇരുവിഭാഗങ്ങളും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു. പുറത്തുനിന്നുള്ള ആളുകളെ ക്യാമ്പസിലെത്തിച്ചാണ് മറുവിഭാഗം സംഘർഷം സൃഷ്ടിച്ചതെന്നാണ് ഇരുകൂട്ടരുടെയും ആരോപണം. സംഭവത്തിൽ എബിവിപി പ്രവർത്തകർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു; പരിക്കേറ്റവരെ ജാദവ്പുരിലെ കെപിസി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ ചിരഞ്ജിബ് ഭട്ടാചാര്യേ പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാർഥികൾക്ക് രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും അക്രമവും നശീകരണവും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.