ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ അസം മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി

 
Rahul

ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിക്കെതിരെ കേസെടുക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പോലീസിന് നിർദ്ദേശം നൽകി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിച്ചതിന് പിന്നാലെ പൊലീസ് തടഞ്ഞിരുന്നു.

ഇതേത്തുടർന്ന് ഗുവാഹത്തി നഗരത്തിന് പുറത്ത് പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ കോൺഗ്രസ് പ്രവർത്തകർ തകർത്തു. ഇതോടെയാണ് രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ അസം മുഖ്യമന്ത്രി നിർദേശം നൽകിയത്.

എന്നാൽ കോൺഗ്രസ് പ്രവർത്തകർ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നക്‌സലൈറ്റ് തന്ത്രങ്ങൾ അസമിന്റെ സംസ്‌കാരത്തിന് അന്യമാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു പോസ്റ്റിൽ മുഖ്യമന്ത്രി ശർമ്മ പറഞ്ഞു.

ഇവ ആസാമീസ് സംസ്കാരത്തിന്റെ ഭാഗമല്ല. സമാധാനപരമായ ഒരു സംസ്ഥാനമാണ് നമ്മുടേത്. ഇത്തരം "നക്സലൈറ്റ് തന്ത്രങ്ങൾ" നമ്മുടെ സംസ്കാരത്തിന് തികച്ചും അന്യമാണ്. ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് നിങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നിങ്ങളുടെ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ തെളിവായി ഉപയോഗിക്കാനും ഞാൻ ഡിജിപി അസം പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. നിങ്ങളുടെ അനിയന്ത്രിതമായ പെരുമാറ്റവും അംഗീകരിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനവും ഗുവാഹത്തിയിൽ ഇപ്പോൾ വൻ ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്," ശർമ്മ എക്‌സിൽ പറഞ്ഞു.

അസമിലെ ജോറാബത്തിൽ നിന്നാണ് ഇന്ന് യാത്ര പുനരാരംഭിച്ചത്. മുൻകൂട്ടി നിശ്ചയിച്ച റൂട്ടുകളിലൂടെ ഗുവാഹത്തി നഗരത്തിലൂടെ യാത്ര ചെയ്യാൻ അനുമതി നിഷേധിച്ചതിനാൽ സംഘർഷ സാധ്യത ഒഴിവാക്കാൻ യാത്ര ഗുവാഹത്തി ബൈപ്പാസ് വഴി നീങ്ങി.

ഗുവാഹത്തിയിലെ യാത്രയുടെ പ്രവേശന കവാടമായ ഖാനപാര മേഖലയിൽ ഇന്ന് രാവിലെ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് തടയാൻ വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.

സുരക്ഷാ നടപടികളുടെ ഭാഗമായി സ്ഥാപിച്ച ബാരിക്കേഡുകൾ കോൺഗ്രസ് പ്രവർത്തകർ തകർത്തു. 5000ത്തോളം കോൺഗ്രസ് പ്രവർത്തകരാണ് രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നത്.