രാജസ്ഥാനിൽ സ്കൂൾ പരിശോധനയ്ക്കിടെ സംഘർഷം; CJP സംഘത്തെ തടഞ്ഞു, ഫോണുകൾക്ക് കേടുപാടുകൾ

 
National

രാജസ്ഥാനിലെ സർക്കാർ സ്കൂളിൽ പരിശോധന നടത്താനെത്തിയ കോക്ക്രോച്ച് ജനതാ പാർട്ടി (CJP) സംഘത്തെ തടഞ്ഞതിനെ തുടർന്ന് സംഘർഷം. CJP സഹകൺവീനർ ആശുതോഷ് റങ്കയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തിയത്. പരിശോധനയ്ക്കിടെ സംഘത്തിന്റെ മൊബൈൽ ഫോണുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുന്ന ‘School Thik Karo’ ക്യാംപയിന്റെ ഭാഗമായാണ് CJP സംഘം സ്കൂളുകളിൽ പരിശോധന നടത്തുന്നത്. എന്നാൽ സർക്കാർ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവർ സ്കൂൾ വളപ്പിൽ പ്രവേശിക്കുന്നതിനെതിരെ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. 

വിദ്യാർഥികളുടെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ സ്കൂളിൽ പ്രവേശിക്കൽ, വിദ്യാർഥികളുടെ ഫോട്ടോ, വീഡിയോ, അഭിമുഖം എന്നിവ എടുക്കൽ, ലൈവ് സ്ട്രീമിങ് നടത്തൽ എന്നിവയ്ക്ക് നിയന്ത്രണമുണ്ട്. 

അതേസമയം, സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ മോശമായ സർക്കാർ സ്കൂളുകൾ പരിശോധിക്കുന്നത് തുടരുമെന്ന് റങ്ക പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നാണ് CJPയുടെ ആവശ്യം.