വയോധികയ്ക്ക് സ്വന്തം ഡിയോർ കണ്ണട സമ്മാനിച്ച് മുഖ്യമന്ത്രി വിജയ്; പ്രതികരണം വൈറൽ

 
National

സേലം: തമിഴ്നാട് മുഖ്യമന്ത്രി വിജയ് വയോധികയ്ക്ക് തന്റെ ഡിയോർ സൺഗ്ലാസ് സമ്മാനിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സേലത്ത് ഔദ്യോഗിക സന്ദർശനത്തിനിടെ വഴിയരികിലെ കർഷക കുടുംബത്തെ അപ്രതീക്ഷിതമായി സന്ദർശിച്ചപ്പോഴായിരുന്നു ശ്രദ്ധേയമായ സംഭവം.

മെറ്റൂർ അണക്കെട്ടിലെ ജലവിതരണവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ശേഷം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് വിജയ് വഴിയരികിലെ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന വയോധികരുമായി സംസാരിക്കാൻ വാഹനവ്യൂഹം നിർത്തിയത്. ചെല്ലം എന്ന വയോധികയുമായി സംസാരിച്ച വിജയ് അവരുടെ ക്ഷേമവിവരങ്ങൾ അന്വേഷിക്കുകയും കൈപിടിച്ച് നടക്കുകയും ചെയ്തു.

തുടർന്ന് വിജയ് തന്റെ കൈവശമുണ്ടായിരുന്ന ക്രിസ്റ്റ്യൻ ഡിയോർ സൺഗ്ലാസ് ഊരി ചെല്ലത്തിന്റെ മുഖത്ത് വച്ചുനൽകുകയായിരുന്നു. ആദ്യം മടിച്ചെങ്കിലും പിന്നീട് അവർ കണ്ണട സ്വീകരിച്ചു. വിജയിനൊപ്പമുള്ള ഈ അപ്രതീക്ഷിത കൂടിക്കാഴ്ച തന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണെന്ന് ചെല്ലം പ്രതികരിച്ചു.

വിജയ് ഭക്ഷണം കഴിച്ചോയെന്നും അവരോട് ചോദിച്ചിരുന്നു. താൻ വിജയിനെ കാണാൻ കാത്തിരുന്നതിനാൽ ഭക്ഷണം കഴിച്ചില്ലെന്ന് ചെല്ലം പറഞ്ഞപ്പോൾ, താൻ ഭക്ഷണം കഴിച്ചെന്നും അവരും ഭക്ഷണം കഴിക്കണമെന്നും വിജയ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ഏകദേശം 15 മിനിറ്റോളം പ്രദേശത്ത് ചെലവഴിച്ച വിജയ് കർഷകരുമായി കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു. കുടുംബത്തിന് മുണ്ടും സാരിയും ഉൾപ്പെടെയുള്ള സമ്മാനങ്ങളും നൽകി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിജയിന്റെ സ്നേഹപൂർവമായ ഇടപെടലും ചെല്ലത്തിന്റെ സന്തോഷപ്രകടനവും ശ്രദ്ധ നേടിയത്.