പ്രശസ്ത കാൻ്റീനിൽ വിതരണം ചെയ്ത സമോസയിൽ നിന്ന് കോണ്ടം, ഗുട്ക എന്നിവ കണ്ടെത്തി; അഞ്ച് പേർക്കെതിരെ കേസെടുത്തു
പൂനെ: ഞെട്ടിക്കുന്ന സംഭവത്തിൽ പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയുടെ കാൻ്റീനിൽ വിളമ്പിയ സമൂസയിൽ നിന്ന് കോണ്ടം ഗുഡ്കയും കല്ലും കണ്ടെത്തി. മഹാരാഷ്ട്രയിലെ പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡിലാണ് സംഭവം.
സംഭവത്തെ തുടർന്ന് റഹീം ഷെയ്ഖ്, അസ്ഹർ ഷെയ്ഖ്, മസർ ഷെയ്ഖ്, ഫിറോസ് ഷെയ്ഖ്, വിക്കി ഷെയ്ഖ് എന്നീ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.
കാറ്റലിസ്റ്റ് സർവീസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഓട്ടോമൊബൈൽ കമ്പനിയുടെ കാൻ്റീനിലേക്ക് ലഘുഭക്ഷണം വിതരണം ചെയ്യുന്നത്. എന്നിരുന്നാലും സമൂസകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ കാറ്റലിസ്റ്റ് കമ്പനി അടുത്തിടെ മനോഹർ എൻ്റർപ്രൈസസ് എന്ന മറ്റൊരു ഉപകരാർ സ്ഥാപനത്തിന് നൽകി.
ഈ സബ് കോൺട്രാക്ടിംഗ് സ്ഥാപനം വിതരണം ചെയ്ത സമൂസയിൽ നിന്നാണ് കോണ്ടം ഗുട്കയും കല്ലും കണ്ടെത്തിയത്. ഇതേത്തുടർന്ന് ഓട്ടോമൊബൈൽ സ്ഥാപനം പോലീസിൽ പരാതി നൽകി.
മനോഹർ എൻ്റർപ്രൈസസിൽ ജോലി ചെയ്തിരുന്ന ഫിറോസ് ഷെയ്‌ക്കും വിക്കി ഷെയ്‌ക്കുമാണ് സമൂസയിൽ കോണ്ടം ഗുഡ്കയും കല്ലും നിറച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് പോലീസ് ഇവരെ ചോദ്യം ചെയ്തു. മനോഹർ എൻ്റർപ്രൈസസിനെ അപകീർത്തിപ്പെടുത്താനാണ് തങ്ങൾ അങ്ങനെ ചെയ്തതെന്ന് പ്രതികൾ സമ്മതിച്ചു.
പ്രതികൾ നേരത്തെ കരാർ അടിസ്ഥാനത്തിൽ ലഘുഭക്ഷണം വിതരണം ചെയ്തിരുന്ന മറ്റൊരു കമ്പനിയായ എസ്ആർഎ എൻ്റർപ്രൈസസിലെ ജീവനക്കാരാണെന്നും പൊലീസ് കണ്ടെത്തി. ഭക്ഷണത്തിൽ മായം കലർത്തിയവർക്കെതിരെയും അതിന് നിയോഗിച്ചവർക്കെതിരെയും പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.