മധ്യപ്രദേശിൽ നിർണായക നീക്കവുമായി കോൺഗ്രസ്


ഭോപ്പാൽ: മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ഉടൻ ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ മധ്യപ്രദേശിൽ നിർണായക നീക്കത്തിനൊരുങ്ങി കോൺഗ്രസ്. കോൺഗ്രസ് നേതൃത്വത്തോട് കമൽനാഥിന് അതൃപ്തിയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ കമൽനാഥും മകനും ഉടൻ തന്നെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ പരന്നു.
എന്നാൽ പിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഈ വാർത്ത നിഷേധിച്ചു. ഇപ്പോൾ സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കോൺഗ്രസ് നേതൃത്വം എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗിനെ മധ്യപ്രദേശിലേക്ക് അയച്ചു.
ജിതേന്ദ്ര സിംഗ് ഇന്ന് മധ്യപ്രദേശിൽ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. കമൽനാഥുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ നേതൃത്വം എംഎൽഎമാരുടെ അഭിപ്രായം തേടും. കമൽനാഥ് ബിജെപിയിൽ ചേരുമെന്ന വാർത്ത തെറ്റാണെന്ന് ജിതേന്ദ്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളിൽ ഒരാളാണ് കമൽനാഥ്. ബിജെപിയാണ് അഭ്യൂഹങ്ങൾ പരത്തുന്നത്. ഞായറാഴ്ച ഞാൻ കമൽനാഥ്ജിയുമായി സംസാരിച്ചു. ഭാരത് ന്യായ് യാത്രയുടെ ഒരുക്കങ്ങളെ കുറിച്ച് ഞങ്ങൾ സംസാരിച്ചു ജിതേന്ദ്ര സിംഗ് പറഞ്ഞു.
66 എംഎൽഎമാരുമായി ജിതേന്ദ്ര സിങ് കൂടിക്കാഴ്ച നടത്തും. നേതൃത്വം എല്ലാ പാർട്ടി എംഎൽഎമാരുമായും ഫോണിൽ ബന്ധപ്പെടുകയും ഭോപ്പാലിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് ഒന്നും വിശദീകരിച്ചിട്ടില്ലെന്ന് ഒരു എംഎൽഎ വാർത്താ ഏജൻസിയോട് പറഞ്ഞു.
അതേസമയം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളോട് കമൽനാഥ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 'നിങ്ങളെന്താ ഇത്ര ആവേശം? നിഷേധിക്കുന്നില്ല. അത്തരത്തിലുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ നിങ്ങളെ എല്ലാം അറിയിക്കുമെന്ന് കമൽനാഥ് ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു