മുംബൈ തുറമുഖത്ത് ക്രെയിനിന് തീപിടിത്തം; ചരക്ക് ഇറക്കുന്നതിനിടെ രണ്ട് ഓപ്പറേറ്റർമാർക്ക് പരിക്ക്
മുംബൈ തുറമുഖത്തെ ബിപിഎസ് പോർട്ടിൽ ചരക്ക് ഇറക്കുന്നതിനിടെ ക്രെയിനിന് തീപിടിച്ച് രണ്ട് ക്രെയിൻ ഓപ്പറേറ്റർമാർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 7.30ഓടെയായിരുന്നു സംഭവം.
ബാർബഡോസ് പതാകയുള്ള ‘വിയന്ന’ എന്ന കപ്പലിൽനിന്ന് 140 മെട്രിക് ടൺ ചരക്ക് രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബർകത്ത് കമ്പനിയുടെ ക്രെയിനുകളാണ് ഉപയോഗിച്ചിരുന്നത്.
ചരക്ക് ഉയർത്തുന്നതിനിടെ ഒരു ക്രെയിനുമായി ബന്ധിപ്പിച്ചിരുന്ന സ്ലിംഗിന്റെ ബാലൻസ് നഷ്ടപ്പെട്ട് അഴിയുകയായിരുന്നു. ഇതോടെ മുഴുവൻ ഭാരവും രണ്ടാമത്തെ ക്രെയിനിലേക്ക് മാറി. ഭാരത്തിന്റെ ആഘാതത്തിൽ ക്രെയിൻ നിലത്തുനിന്ന് ഉയരുകയും അതിന്റെ ടെലിസ്‌കോപിക് ബൂം കപ്പലിൽ ഇടിക്കുകയും ചെയ്തു. തുടർന്നുണ്ടായ ഘർഷണത്തിലാണ് ക്രെയിനിന് തീപിടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിശദീകരണം.
മുംബൈ പോർട്ട് ഫയർ ബ്രിഗേഡ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ബർകത്ത് കമ്പനിയിലെ ക്രെയിൻ ഓപ്പറേറ്റർമാരായ രഞ്ജീത് സിങ്, നിഷാന്ത് സിങ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ചികിത്സയ്ക്കായി സെന്റ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.