വിസ്താരയിൽ പ്രതിസന്ധി; പൈലറ്റ് പ്രതിസന്ധി രൂക്ഷമായതോടെ 38 വിമാനങ്ങൾ റദ്ദാക്കി

 
Vistara

ന്യൂഡൽഹി: പൈലറ്റുമാരില്ലാത്തതിനാൽ വിസ്താര എയർലൈൻസ് ചൊവ്വാഴ്ച രാവിലെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് പുറപ്പെടുന്ന 38 വിമാനങ്ങൾ റദ്ദാക്കി. മുംബൈയിൽ നിന്ന് പുറപ്പെടുന്ന 15 വിമാനങ്ങൾ ഡൽഹിയിൽ നിന്നുള്ള 12 വിമാനങ്ങളും ബെംഗളൂരുവിൽ നിന്നുള്ള 11 വിമാനങ്ങളും റദ്ദാക്കി.

ജീവനക്കാരില്ലാത്തതുൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിസ്താര എയർലൈൻസ് തങ്ങളുടെ പല വിമാനങ്ങളും റദ്ദാക്കുകയായിരുന്നു. നിലവിലെ പ്രതിസന്ധി കുറച്ച് ദിവസത്തേക്ക് കൂടി തുടരാൻ സാധ്യതയുണ്ടെന്ന് എയർലൈൻ വക്താവ് അടുത്തിടെ പ്രസ്താവനയിൽ പറഞ്ഞു. ഇന്നലെ മാത്രം 50 വിസ്താര വിമാനങ്ങൾ റദ്ദാക്കുകയും 160 വിമാനങ്ങൾ വൈകുകയും ചെയ്തു.

ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം ഞങ്ങൾ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം താൽക്കാലികമായി കുറയ്ക്കാൻ തീരുമാനിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമാപണം നടത്തുന്നതായി വിസ്താര എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.

ഉപഭോക്താക്കൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ പരിഹരിക്കാൻ തങ്ങളുടെ ടീം കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും വിസ്താര അറിയിച്ചു. എന്നാൽ എത്ര വിമാനങ്ങൾ റദ്ദാക്കുമെന്നത് സംബന്ധിച്ച വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.

ദീർഘനേരത്തെ കാത്തിരിപ്പും അസൗകര്യവും ഒഴിവാക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയർലൈനുമായി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിസ്താര യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാം ഉടൻ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുക്കിയ ശമ്പള ഘടനയാണ് പൈലറ്റുമാർ ജോലി ചെയ്യാൻ വിസമ്മതിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.