നിർണായക ധാതുക്കൾ, സാമ്പത്തിക സുരക്ഷ; സഹകരണം ശക്തമാക്കി ഇന്ത്യയും ഫ്രാൻസും
ഇന്ത്യയും ഫ്രാൻസും നിർണായക ധാതുക്കളുടെ (Critical Minerals) വിതരണ ശൃംഖല, സാമ്പത്തിക സുരക്ഷ, നിക്ഷേപം, ധനകാര്യ സഹകരണം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണയായി.
ഫ്രാൻസിലെ ഐക്സ്-ആൻ-പ്രൊവൻസിൽ നടന്ന ഇന്ത്യ-ഫ്രാൻസ് സാമ്പത്തിക, ധനകാര്യ സംവാദത്തിൽ (Economic and Financial Dialogue) കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഫ്രാൻസിന്റെ സമ്പദ്‌വ്യവസ്ഥാ മന്ത്രി റോളണ്ട് ലെസ്ക്യൂറും സംയുക്തമായി അധ്യക്ഷത വഹിച്ചു.
നിർണായക ധാതുക്കളുടെ പര്യവേക്ഷണം, സംസ്കരണം, വിതരണ ശൃംഖലയുടെ സുരക്ഷ എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതോടൊപ്പം അതിർത്തി കടന്നുള്ള നിക്ഷേപങ്ങൾ, അതിവേഗ റെയിൽ പദ്ധതികൾ, സാമ്പത്തിക മേഖലയിലെ ബന്ധം എന്നിവയും ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. കൂടാതെ ജി20, പാരിസ് ക്ലബ് തുടങ്ങിയ ബഹുരാഷ്ട്ര സാമ്പത്തിക വേദികളിൽ നിലപാടുകൾ ഏകോപിപ്പിക്കുന്നതിനും ധാരണയായി.
ഇന്ത്യ-ഫ്രാൻസ് പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഭാഗമായി നിർണായക ധാതുക്കളിലും സാമ്പത്തിക സുരക്ഷയിലും സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത ഈ ചർച്ച വീണ്ടും ഉറപ്പിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.