‘അസംസ്കൃതരും അത്യാഗ്രഹികളും ജാതിവാദികളും പുരുഷാധിപത്യവാദികളും

ബിജെപി–ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
 
National

ബിജെപിക്കും ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഇരു സംഘടനകളെയും അസംസ്കൃതരും അത്യാഗ്രഹികളും ജാതിവാദികളും പുരുഷാധിപത്യ ചിന്താഗതിക്കാരുമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യൻ ആത്മീയ, മതപാരമ്പര്യങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് ബിജെപിയും ആർഎസ്എസുമെന്നും രാഹുൽ ആരോപിച്ചു.

മഹാരാഷ്ട്രയിലെ എലിഫന്റ ഗുഹകളിലുള്ള ശിവനും പാർവതിയും ഒന്നിച്ചുള്ള അർധനാരീശ്വര ശിൽപ്പത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം. പുരുഷ-സ്ത്രീ സങ്കൽപ്പങ്ങളുടെ ഐക്യത്തെ പ്രതിനിധീകരിക്കുന്ന അർധനാരീശ്വര രൂപം ഇന്ത്യൻ ആത്മീയ പാരമ്പര്യത്തിലെ സമത്വത്തിന്റെയും ഐക്യത്തിന്റെയും ആശയങ്ങളാണ് മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമ്മ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ മാതാപിതാക്കളുടെ സ്നേഹബന്ധത്തെക്കുറിച്ച് രാഹുൽ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിന് പിന്നാലെ ബിജെപി നേതാക്കളടക്കം അദ്ദേഹത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ഭയം, കോപം, വിദ്വേഷം എന്നിവ സ്നേഹത്തിന്റെ പ്രകടനത്തിന് തടസ്സമാകുന്നുവെന്ന നിലപാടും രാഹുൽ നേരത്തെ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ പരാമർശങ്ങളെ പിന്തുണച്ച് കോൺഗ്രസും രംഗത്തെത്തിയിരുന്നു.