ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: അവസാന ലാപ്പ് അടുക്കുമ്പോൾ 46.55% പോളിംഗ് രേഖപ്പെടുത്തി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്ക് അടുക്കുകയാണ്, ഇതുവരെ 46.55 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും. വോട്ടെണ്ണൽ ശനിയാഴ്ച നടക്കും. 70 നിയമസഭാ മണ്ഡലങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 1.56 കോടിയിലധികം വോട്ടർമാർ സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കും. ആകെ 13,766 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് മുസ്തഫാബാദിലാണ്. മേഖലയിലെ പോളിംഗ് നിരക്ക് 56.12 ശതമാനമാണ്. 54.29 ശതമാനവുമായി സീലംപൂർ തൊട്ടുപിന്നിൽ. ഡൽഹി കന്റോൺമെന്റ് സീറ്റിൽ 45.90 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
699 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ആം ആദ്മി പാർട്ടിയും കോൺഗ്രസും 70 സ്ഥാനാർത്ഥികളെ വീതം നിർത്തിയപ്പോൾ ബിജെപി 68 പേരെ നിർത്തി. ഏഴാം ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15 ന് അവസാനിക്കും. തുടർച്ചയായ മൂന്നാം തവണയും ആം ആദ്മി പാർട്ടി അധികാരത്തിലെത്താൻ ഒരുങ്ങുകയാണ്. എതിരാളികളായ ബിജെപിയും കോൺഗ്രസും ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ 62.59 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
രാജസ്ഥാനിലെ ഫലോഡി സത്ത ബസാറിൽ ആം ആദ്മി പാർട്ടിക്ക് മുൻതൂക്കം ലഭിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ആകെയുള്ള 70 സീറ്റുകളിൽ 37 മുതൽ 39 വരെ സീറ്റുകൾ ആം ആദ്മി പാർട്ടി നേടുമെന്ന് പ്രവചിക്കപ്പെടുന്നു. ബിജെപി 31 മുതൽ 33 സീറ്റുകൾ വരെ നേടിയേക്കാമെന്നും ആം ആദ്മി പാർട്ടി 51 ശതമാനത്തിലധികം വോട്ടുകൾ നേടുമെന്നും വോട്ടർ സർവേ പറയുന്നു.