ഡൽഹി കെട്ടിടം തകർന്ന സംഭവം: ‘ഉത്തരവാദി ആര്?’; ബിജെപിക്കെതിരെ പ്രതിപക്ഷം

 
National

ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതനിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്ത്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും സംഭവത്തിന് ആരാണ് ഉത്തരവാദിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. 

സത്യ നികേതനിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായി ഉയർന്നു. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം തുടരുന്നതിനിടെയാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കെട്ടിട സുരക്ഷാ മാനദണ്ഡങ്ങളും അനധികൃത നിർമാണങ്ങളും സംബന്ധിച്ച ആശങ്കകളും ഇതോടെ ശക്തമായി. 

കോൺഗ്രസ് നേതാവ് കുമാരി സെൽജ ഡൽഹിയിലെ വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ച് ബിജെപി സർക്കാരിനെ ചോദ്യം ചെയ്തു. വിദ്യാർഥികൾ ഭാവി കെട്ടിപ്പടുക്കാൻ ഡൽഹിയിലെത്തുമ്പോൾ അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു. 

സംഭവത്തിൽ ഡൽഹി സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിക്കുകയും കെട്ടിട ഉടമയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ തകർച്ചയ്ക്ക് ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. 

അതേസമയം, ഡൽഹിയിലെ അനധികൃത നിർമാണങ്ങളെക്കുറിച്ചും മുൻ ഉദ്യോഗസ്ഥർ ആശങ്ക ഉയർത്തി. അനുമതിയില്ലാത്ത നിർമാണങ്ങളും പിന്നീട് കൂട്ടിച്ചേർത്ത നിലകളും നിലവാരമില്ലാത്ത നിർമാണവും പരിശോധിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. അപകടത്തിന്റെ പശ്ചാത്തലത്തിൽ നാല് നിലയ്ക്ക് മുകളിലുള്ള അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയും എംസിഡി ശക്തമാക്കിയിട്ടുണ്ട്.