2015ലെ മാഗി കേസുകൾ തള്ളി ഡൽഹി ഹൈക്കോടതി; അമിത ലെഡ് കണ്ടെത്തിയെന്ന ആരോപണം
ന്യൂഡൽഹി: 2015ലെ മാഗി നൂഡിൽസ് വിവാദവുമായി ബന്ധപ്പെട്ട രണ്ട് ക്രിമിനൽ കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. മാഗിയിൽ അനുവദനീയമായതിലും അധികം ലെഡ് കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു കേസുകൾ.
2015 മെയ് മാസത്തിൽ ഡൽഹി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ശേഖരിച്ച മാഗി സാമ്പിളുകളെ അടിസ്ഥാനമാക്കിയായിരുന്നു കേസുകൾ. ഫുഡ് അനലിസ്റ്റിന്റെ റിപ്പോർട്ടിൽ മസാലയിലെ ലെഡ് അളവ് അനുവദനീയമായ 2.5 പി.പി.എം പരിധി കവിയുന്നതായി കണ്ടെത്തിയിരുന്നു.
എന്നാൽ പിന്നീട് ബോംബെ ഹൈക്കോടതി മാഗിയുടെ രാജ്യവ്യാപക നിരോധനം റദ്ദാക്കുകയും പുതിയ പരിശോധനകൾക്ക് നിർദേശിക്കുകയും ചെയ്തു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം സി.എസ്.ഐ.ആർ–സി.എഫ്.ടി.ആർ.ഐ നടത്തിയ പരിശോധനകളുടെ ഫലങ്ങളും പിന്നീട് ലഭിച്ചു. ഇതോടെ പഴയ ഫുഡ് അനലിസ്റ്റ് റിപ്പോർട്ടുകളെ മാത്രം അടിസ്ഥാനമാക്കിയുള്ള കേസുകളുടെ തെളിവ് നില ദുർബലമായതായി ഡൽഹി ഹൈക്കോടതി വിലയിരുത്തി.
തുടർന്ന് കേസുകൾ തുടരുന്നത് നിയമനടപടിയുടെ ദുരുപയോഗമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മധു ജെയിൻ കേസുകൾ റദ്ദാക്കിയത്. 2015 നവംബർ 6, 2016 ജനുവരി 11 തീയതികളിലെ സമൻസ് ഉത്തരവുകളും തുടർന്നുള്ള നടപടികളും കോടതി റദ്ദാക്കി.