ഡൽഹി യുപിഎസ്‌സി ഉദ്യോഗാർഥിനിയുടെ ബലാത്സംഗ-കൊലപാതക കേസ്

973 പേജുള്ള കുറ്റപത്രം സമർപ്പിച്ചു
 
Kerala

ഡൽഹിയിലെ അമർ കോളനി പോലീസ് സ്റ്റേഷൻ പരിധിയിൽ യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഡൽഹി പോലീസ് 973 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഏപ്രിൽ 22-ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ, ഡി.എൻ.എ പരിശോധന, വിരലടയാളങ്ങൾ, മറ്റ് ഫോറൻസിക് തെളിവുകൾ എന്നിവ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

23-കാരനായ രാഹുൽ കുമാർ മീണയാണ് കേസിലെ പ്രതി. സംഭവദിവസം തന്നെ വിവിധ സംഘങ്ങളുടെ സംയുക്ത അന്വേഷണത്തിലൂടെ ഇയാളെ അറസ്റ്റ് ചെയ്തതായും കവർന്നെടുത്ത വസ്തുക്കൾ ഇയാളിൽ നിന്ന് കണ്ടെടുത്തതായും ഡൽഹി പോലീസ് അറിയിച്ചു. 

അന്വേഷണത്തിനിടെ 100-ലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. കുറ്റകൃത്യം നടന്ന സ്ഥലം ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പുനരാവിഷ്കരിക്കുകയും ഡി.എൻ.എ പരിശോധന, വിരലടയാള പരിശോധന, മറ്റ് ശാസ്ത്രീയ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരായ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കേസിൽ 82 സാക്ഷികളെയാണ് പ്രോസിക്യൂഷൻ പട്ടികപ്പെടുത്തിയിരിക്കുന്നത്. 

കുറ്റപത്രം സമർപ്പിച്ചതോടെ കേസ് വിചാരണയിലേക്ക് കടക്കുകയാണ്. കോടതിയിൽ തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം.