പാസ്‌പോർട്ടില്ലാതെ തുർക്കിയിൽ നിന്ന് നാടുകടത്തി
തുർക്കി പൗരത്വമുള്ള ഇന്ത്യൻ വംശജയായ നസ്നീൻ മുഹമ്മദ് കഴിഞ്ഞ 15 ദിവസമായി ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. സാധുവായ പാസ്‌പോർട്ട് ഇല്ലാതെ തുർക്കിയിൽ നിന്ന് ദോഹയിലേക്ക് നാടുകടത്തപ്പെട്ടതോടെയാണ് അവർക്ക് ഖത്തറിലേക്ക് പ്രവേശിക്കാൻ കഴിയാതെ വിമാനത്താവളത്തിൽ തുടരേണ്ടിവന്നത്.
മഹാരാഷ്ട്ര സ്വദേശിനിയായ നസ്നീൻ നേരത്തെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് തുർക്കി പൗരത്വം സ്വീകരിച്ചിരുന്നു. ഭർത്താവിനൊപ്പം തുർക്കിയിൽ പോയപ്പോൾ ഇരുവരുടെയും പാസ്‌പോർട്ടുകൾ അധികൃതർ പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ഭർത്താവിനെ തുർക്കിയിൽ തടങ്കലിലാക്കിയപ്പോൾ നസ്നീനെ പാസ്‌പോർട്ടില്ലാതെ ദോഹയിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ടുണ്ട്.
ഖത്തറിൽ താമസാനുമതിയും ഖത്തർ ഐഡിയും ഉണ്ടായിരുന്നെങ്കിലും സാധുവായ യാത്രാരേഖകളില്ലാത്തതിനാൽ ഖത്തർ അധികൃതർ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചില്ല. ഇതോടെ അവർ വിമാനത്താവളത്തിൽ തന്നെ കഴിയേണ്ട സാഹചര്യമുണ്ടായി. വയറിന് ശസ്ത്രക്രിയ കഴിഞ്ഞതും പ്രമേഹം, ഉയർന്ന രക്തസമ്മർദം, തൈറോയ്ഡ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാൽ മാനുഷിക പരിഗണന ആവശ്യപ്പെട്ട് അവർ ഇന്ത്യൻ എംബസിയെ സമീപിച്ചു.
സംഭവത്തിൽ ഇടപെട്ട ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA), നസ്നീന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അടിയന്തര യാത്രാരേഖ (Emergency Certificate) നൽകുന്ന കാര്യം പരിഗണിക്കുന്നതായി അറിയിച്ചു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം.