ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി
Jun 10, 2026, 18:28 IST
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ച് സിജെപി (കോക്ക്രോച്ച് ജനത പാർട്ടി). പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ചുവെന്നാണ് സംഘടനയുടെ ആരോപണം.
സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ, വിദ്യാഭ്യാസ മേഖലയിലെ തുടർച്ചയായ വീഴ്ചകൾക്ക് രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടു. രാജി ഉണ്ടായില്ലെങ്കിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിന് മുന്നോടിയായി ജൂൺ 6-ന് ന്യൂഡൽഹിയിലെ ജന്തർ മന്തർ പരിസരത്ത് സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾ, യുവജനങ്ങൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്ത സമരത്തിൽ പരീക്ഷാ സംവിധാനത്തിലെ സുതാര്യത ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന് ശേഷം കേന്ദ്രസർക്കാരിന് ഏഴ് ദിവസത്തെ അന്ത്യശാസനം നൽകിയതായി സിജെപി നേതാക്കൾ അറിയിച്ചു. ഈ കാലയളവിനുള്ളിൽ നടപടി ഉണ്ടായില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും സംഘടന വ്യക്തമാക്കി.
അതേസമയം, നീറ്റ് ഉൾപ്പെടെയുള്ള ദേശീയതല പരീക്ഷകളുമായി ബന്ധപ്പെട്ട വിവാദങ്ങളും യുവജന തൊഴിലില്ലായ്മയും സിജെപിയുടെ പ്രചാരണത്തിന് വ്യാപക പിന്തുണ നേടിക്കൊടുക്കുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു. സോഷ്യൽ മീഡിയയിൽ വൻ ജനപിന്തുണ നേടിയ ഈ യുവജന പ്രസ്ഥാനം ഇപ്പോൾ ഓൺലൈൻ പ്രതിഷേധങ്ങളിൽ നിന്ന് തെരുവ് സമരങ്ങളിലേക്കും വ്യാപിക്കുകയാണ്.
പൂനെ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ അടുത്ത ഘട്ട പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് സിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.