ധീരേന്ദ്ര ശാസ്ത്രി വിവാദം; മതപരമായ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണച്ച് സുവേന്ദു അധികാരി, പ്രതിഷേധക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു
ബാഗേശ്വർ ധാം മേധാവി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ദുർഗാപൂജയുമായി ബന്ധപ്പെട്ട പരാമർശങ്ങളെച്ചൊല്ലിയ വിവാദം പശ്ചിമ ബംഗാളിൽ കൂടുതൽ ശക്തമാകുന്നു. ദുർഗാപൂജാ ദിവസങ്ങളിൽ മത്സ്യവും മാംസവും കഴിക്കരുതെന്നും അത്തരത്തിൽ ഭക്ഷണം കഴിക്കുന്നവരെ വിമർശിച്ചുമുള്ള ശാസ്ത്രിയുടെ പരാമർശങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. ബംഗാളിന്റെ ഭക്ഷണരീതികളെയും സാംസ്കാരിക പാരമ്പര്യങ്ങളെയും അപമാനിക്കുന്നതാണ് പരാമർശമെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
അതേസമയം, ധീരേന്ദ്ര ശാസ്ത്രിക്ക് സ്വന്തം മതപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി നിലപാടെടുത്തു. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ശാസ്ത്രിയുടെ ചിത്രങ്ങൾ കത്തിച്ചതിനെ അധികാരി ശക്തമായി വിമർശിച്ചു. ഇത്തരം പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൊൽക്കത്ത പൊലീസ് കമ്മീഷണറോട് അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഭവാനിപുരിൽ ശാസ്ത്രിയുടെ ചിത്രങ്ങൾ കത്തിച്ച് പ്രതിഷേധം നടന്നതോടെയാണ് വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ കൂടുതൽ ശക്തമായത്. അതേസമയം, ശാസ്ത്രിയുടെ പരാമർശങ്ങളിൽ നിന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയും അകലം പാലിച്ചിരുന്നു. ആളുകൾ എന്ത് ഭക്ഷിക്കണം, എന്ത് ധരിക്കണം എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും ഒരാൾക്ക് അത് നിർദേശിക്കാനാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശാസ്ത്രിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതും സാമൂഹിക സൗഹാർദത്തെ ബാധിക്കാൻ സാധ്യതയുള്ളതുമാണെന്നാണ് പരാതിക്കാരുടെ ആരോപണം. ഇതോടെ ദുർഗാപൂജയ്ക്ക് മുന്നോടിയായി പശ്ചിമ ബംഗാളിൽ മതം, ഭക്ഷണരീതി, പ്രാദേശിക സംസ്കാരം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചയും ശക്തമായിരിക്കുകയാണ്.