അയോധ്യ–ജനക്പുർ നേരിട്ടുള്ള റെയിൽ ബന്ധം ഇന്ന് ആരംഭിക്കും; ഇന്ത്യ–നേപ്പാൾ ബന്ധത്തിൽ പുതിയ അധ്യായമെന്ന് യോഗി ആദിത്യനാഥ്
ഇന്ത്യയിലെ അയോധ്യയെയും നേപ്പാളിലെ ജനക്പുർ ധാമിനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള ട്രെയിൻ സർവീസിന് ഇന്ന് തുടക്കമാകും. ഇന്ത്യ–നേപ്പാൾ ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്ന പദ്ധതിയാണിതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും ചേർന്ന് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും.
ഏകദേശം 604 കിലോമീറ്റർ ദൂരം പിന്നിടുന്ന സർവീസിന് സരയൂ–കമല എക്സ്പ്രസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. അയോധ്യയെയും സീതാദേവിയുടെ ജന്മസ്ഥലമായി വിശ്വസിക്കപ്പെടുന്ന ജനക്പുരിനെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. യാത്രയ്ക്ക് ഏകദേശം 19 മണിക്കൂർ വേണ്ടിവരും.
അയോധ്യയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ യോഗി ആദിത്യനാഥും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും പങ്കെടുക്കും. ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനിന് പത്ത് ഇടത്താവളങ്ങളുമുണ്ടാകും. ആഴ്ചയിൽ ഒരിക്കൽ ഇരുദിശകളിലേക്കും സർവീസ് നടത്തും.
നവംബർ 28 മുതലാണ് സ്ഥിരം യാത്രാസർവീസ് ആരംഭിക്കുക. മതപരമായ തീർഥാടനത്തിന് പുറമെ ഇരുരാജ്യങ്ങൾക്കുമിടയിലെ വിനോദസഞ്ചാരം, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ശക്തിപ്പെടുത്താനും പുതിയ റെയിൽ ബന്ധം സഹായിക്കുമെന്നാണ് വിലയിരുത്തൽ.