ബിരിയാണി സെന്ററിൽ തൈര് ചോദിച്ചതിന് പിന്നാലെ തർക്കം; മൂന്ന് യുവാക്കൾ തമ്മിൽ സംഘർഷം

 
National

തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിൽ ബിരിയാണി കഴിക്കാനെത്തിയ യുവാക്കൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. 

ശിവാജി ബിരിയാണി സെന്ററിൽ ബിരിയാണി കഴിക്കുകയായിരുന്ന പൊന്നാല പ്രശാന്തും പൊന്നാല കിഷോറും അവിടെയുണ്ടായിരുന്ന മനുബോത്തുല പ്രശാന്തിനോട് തൈര് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. റസ്റ്ററന്റ് ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാളോട് തൈര് ആവശ്യപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.

തന്നെ ജീവനക്കാരനായി കണക്കാക്കിയതിൽ മനുബോത്തുല പ്രശാന്ത് പ്രതിഷേധിച്ചതോടെ വാക്കുതർക്കമുണ്ടായി. തുടർന്ന് പൊന്നാല പ്രശാന്ത് ഇയാളെ ആക്രമിച്ചെന്നാണ് പരാതി. പിന്നാലെ കിഷോറും സംഘർഷത്തിൽ ചേർന്നു.

സംഭവത്തിൽ മനുബോത്തുല പ്രശാന്തിന് പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെത്തി. ഇയാൾ നൽകിയ പരാതിയിൽ പൊന്നാല പ്രശാന്തിനും പൊന്നാല കിഷോറിനുമെതിരെ കേസെടുത്തു. റസ്റ്ററന്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. 

പൊലീസ് ഉദ്യോഗസ്ഥനായ ശ്രീറാംപൂർ സർക്കിൾ ഇൻസ്പെക്ടർ അകുല അശോക്, യുവാക്കൾ പരസ്പരം ബിയർ കുപ്പികൾ ഉപയോഗിച്ച് ആക്രമിച്ചെന്ന പ്രചാരണം നിഷേധിച്ചു.