മിസോറമിൽ പുനർവിവാഹത്തിന് കോടതി നൽകുന്ന വിവാഹമോചന സർട്ടിഫിക്കറ്റ് നിർബന്ധം
മിസോറമിൽ വിവാഹമോചനത്തിന് ശേഷം വീണ്ടും വിവാഹം കഴിക്കുന്നവർക്ക് ഇനി കോടതി നൽകുന്ന ഡിവോഴ്‌സ് സർട്ടിഫിക്കറ്റ് നിർബന്ധമാകും. മിസോ മാരേജ് ആൻഡ് ഇൻഹെറിറ്റൻസ് ഓഫ് പ്രോപ്പർട്ടി നിയമത്തിലെ 2026ലെ ഭേദഗതിയുടെ ഭാഗമായി പുതിയ വ്യവസ്ഥ നടപ്പാക്കുമെന്ന് റിവ്യൂ കമ്മിറ്റി സെപ്റ്റംബർ 3ന് അറിയിച്ചു.
നിയമ-നീതിവകുപ്പ് അഡീഷണൽ സെക്രട്ടറി സഹ്മിംഗ്താങ്ങ റാൽട്ടെയുടെ അധ്യക്ഷതയിൽ ചേർന്ന സമിതിയാണ് വിവാഹവും പുനർവിവാഹവുമായി ബന്ധപ്പെട്ട നിലവിലെ ആചാരങ്ങളും നിയമവ്യവസ്ഥകളും പരിശോധിച്ചത്. സംസ്ഥാന നിയമസഭ 2026 ഫെബ്രുവരിയിലാണ് ഭേദഗതി പാസാക്കിയത്.
പുനർവിവാഹം നടത്തിക്കുന്ന വ്യക്തിക്കായിരിക്കും ഡിവോഴ്‌സ് സർട്ടിഫിക്കറ്റ് പരിശോധിച്ച് മുൻവിവാഹം നിയമപരമായി അവസാനിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം. പള്ളികൾക്ക് അവരുടെ പരിധിയിൽ വിവാഹച്ചടങ്ങുകൾ നിയന്ത്രിക്കാനുള്ള അധികാരം തുടരുമെങ്കിലും, നിയമത്തിലെ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടാകും.
കോടതി സർട്ടിഫിക്കറ്റ് ഹാജരാക്കാതെ പുനർവിവാഹം നടത്തിയാൽ സാഹചര്യത്തിനനുസരിച്ച് 7 മുതൽ 10 വർഷം വരെ തടവ് ലഭിക്കാമെന്ന് സമിതി മുന്നറിയിപ്പ് നൽകി. അതിനാൽ വിവാഹം നടത്താൻ ഉദ്ദേശിക്കുന്നവരും വിവാഹം സംഘടിപ്പിക്കുന്നവരും രേഖകൾ കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം, വിവാഹ സർട്ടിഫിക്കറ്റുകളിൽ “Divorce” എന്ന പദം ഉപയോഗിക്കുന്നതിന് പകരം “Mizo Marriage & Inheritance of Property Act, 2014 അനുസരിച്ച്” എന്ന രീതിയിലുള്ള പരാമർശം ഉൾപ്പെടുത്തണമെന്ന് പള്ളികളോട് സമിതി ആവശ്യപ്പെട്ടു. നിയമപരമായ വിവാഹമോചനം വ്യക്തമായി രേഖപ്പെടുത്തുകയും പുനർവിവാഹത്തിന് മുമ്പ് മുൻവിവാഹം അവസാനിച്ചതിന്റെ ഔദ്യോഗിക തെളിവ് ഉറപ്പാക്കുകയും ചെയ്യുകയാണ് പുതിയ വ്യവസ്ഥയുടെ പ്രധാന ലക്ഷ്യം.