രോഗിയുടെ മകൻ്റെ കുത്തേറ്റ ഡോക്ടർ ഗുരുതരാവസ്ഥയിൽ

 
crime

ചെന്നൈ: അർബുദബാധിതയായ അമ്മയെ ചികിത്സിച്ച ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ കലൈഞ്ജർ സെൻ്റിനറി ആശുപത്രിയിലായിരുന്നു സംഭവം. യുവാവിൻ്റെ 7 തവണ കുത്തേറ്റ ഡോക്ടർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഹൃദ്രോഗിയായ ഡോക്ടറുടെ തലയ്ക്കും നെഞ്ചിനും പരിക്കേറ്റു.

അമ്മയ്ക്ക് തെറ്റായ മരുന്നുകൾ നൽകിയെന്ന് ആരോപിച്ചാണ് യുവാവ് ഡോക്ടറെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഡോക്ടർക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും പേസ് മേക്കർ ഘടിപ്പിച്ചിട്ടുണ്ടെന്നും പരിഗണിക്കാതെയാണ് യുവാവ് ഡോക്ടറെ ഒന്നിലധികം തവണ കുത്തിയത്.

ആക്രമണം കണ്ട് ഉടൻ ഓടിയെത്തിയവർ കൂടുതൽ ആക്രമണത്തിൽ നിന്ന് ഡോക്ടറെ രക്ഷപ്പെടുത്തി. യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആശുപത്രി ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും തമിഴ്നാട് ആരോഗ്യമന്ത്രി പറഞ്ഞു. പരിക്കേറ്റ ഡോക്ടർക്ക് ചികിത്സ പൂർണമായും സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

കേരളമടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് കൊൽക്കത്തയിലെ ആർജി കാർ ഹോസ്പിറ്റലിൽ ഒരു വനിതാ ഡോക്ടർ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ടതിനെ തുടർന്ന് ദേശീയ തലത്തിൽ വലിയ കോലാഹലം ഉയർന്നിരുന്നു.