ഒൻപതാം ക്ലാസിൽ മൂന്നാം ഭാഷ കൊണ്ടുവരരുത്; അത് വിദ്യാർഥികളുടെ സമ്മർദം വർധിപ്പിക്കും: സുപ്രീം കോടതി

 
SC

ന്യൂഡൽഹി: ഒൻപതാം ക്ലാസിൽ മൂന്നാം ഭാഷ നിർബന്ധമാക്കുന്നത് വിദ്യാർഥികളിൽ അനാവശ്യ സമ്മർദം സൃഷ്ടിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പുതിയ ഭാഷ പഠിപ്പിക്കേണ്ടതാണെങ്കിൽ അത് ആറാം ക്ലാസ് മുതൽ ആരംഭിക്കുന്നതാണ് കൂടുതൽ ഉചിതമെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് കേന്ദ്ര സർക്കാരിനോട് അഭിപ്രായപ്പെട്ടു.

പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ഒൻപതാം ക്ലാസിൽ തന്നെ ആരംഭിക്കുന്നതിനാൽ ആ ഘട്ടത്തിൽ പുതിയൊരു ഭാഷ കൂടി പഠിപ്പിക്കുന്നത് വിദ്യാർഥികൾക്ക് അധികഭാരമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന സിലബസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ ബോർഡുകളും ഇത് പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.

തമിഴ്നാട്ടിൽ ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശം. മൂന്നാം ഭാഷാ നയത്തിന്റെ നിയമസാധുത സംബന്ധിച്ച ഹർജികൾ സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലായതിനാൽ ഈ നിരീക്ഷണം അന്തിമ വിധിയല്ലെന്നും, കേസിന്റെ തുടർവാദം പിന്നീട് നടക്കുമെന്നും കോടതി വ്യക്തമാക്കി.