വഴിപാടായി മധുരം വേണ്ട; തിരുപ്പതി വിവാദത്തിന് പിന്നാലെ പുതിയ തീരുമാനവുമായി ക്ഷേത്ര കമ്മിറ്റികൾ
ലഖ്‌നൗ: തിരുപ്പതി ലഡു വിവാദത്തെ തുടർന്ന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ക്ഷേത്രങ്ങളിൽ മധുരപലഹാരങ്ങൾ വഴിപാടായി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. നിലവിൽ പ്രസാദമായി നൽകുന്ന പേടയ്ക്കും ലഡ്ഡുവിനും പകരമായി പൂ തേങ്ങയും പഴങ്ങളും നൽകാൻ നിർദ്ദേശിക്കുന്നു. ശ്രീ മങ്കമേശ്വർ മഹാദേവ ക്ഷേത്രം അലോപ്പി ശങ്കരി ദേവി ക്ഷേത്രം, ബഡേ ഹനുമാൻ ക്ഷേത്രം എന്നിവയുടെ ക്ഷേത്ര കമ്മിറ്റികളാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഇനി മുതൽ ഭക്തർ ദേവന്മാർക്ക് മധുരപലഹാരങ്ങൾ നൽകില്ലെന്നും പകരം തേങ്ങാ പഴങ്ങളും ഏലക്കായും ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പ്രയാഗ്‌രാജിലെ പ്രസിദ്ധമായ ലളിതാ ദേവി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ മുരത് മിശ്ര പറഞ്ഞു. ഭക്തർക്ക് സൗജന്യമായി മധുരപലഹാരങ്ങൾ നൽകുന്നതിന് ക്ഷേത്രപരിസരത്ത് തന്നെ കടകൾ തുറക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന് പുറത്തുള്ള മധുരപലഹാരങ്ങളുടെ സാമ്പിളുകൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരിശോധന പൂർത്തിയാകുന്നതുവരെ മധുരപലഹാരങ്ങൾ വഴിപാടായി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടനാഴിയുടെ നിർമാണം പൂർത്തിയായാലുടൻ ക്ഷേത്രത്തിലേക്കുള്ള പ്രസാദം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ബഡേ ഹനുമാൻ ക്ഷേത്രം മേധാവി മഹന്ത് ബൽബീർ ഗിരിജി മഹാരാജ് അറിയിച്ചു. മങ്കമഹേശ്വര് ക്ഷേത്രത്തിലെ പ്രസാദത്തിന് പുറത്ത് വിലക്കേര് പ്പെടുത്താനുള്ള നീക്കത്തിന് പിന്നാലെയാണ് തീരുമാനം.
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രസാദമായി വിളമ്പുന്ന ലഡ്ഡു മൃഗക്കൊഴുപ്പ് കൊണ്ടുള്ളതാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ പ്രസ്താവന വിവാദമായിരുന്നു. പ്രശസ്തമായ തിരുപ്പതി ലഡു മൃഗക്കൊഴുപ്പും നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചാണ് നിർമ്മിച്ചതെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും നായിഡു ആരോപിച്ചു.